Friday, May 30, 2008

പൈതൃകം

കിഴിഞ്ഞുചാടും ട്രൌസര്‍ കയറ്റി, നെഞ്ഞുന്തിച്ചു,
കുഞ്ഞുണ്ണി തന്‍ തോഴരോടോതിയതെന്താണെന്നോ?
ഞാനുമച്ഛനും കൂടി വെച്ചതാണല്ലോ വാഴ;
വേണെങ്കില്‍ത്തരാം കുല പഴുത്താലോരോ പഴം!

കുഴി കുത്തിയതച്ഛന്‍; എങ്ങുനിന്നാവോ കന്നു
കൊണ്ടുവന്നതുമച്ഛന്‍; വളവും തോലും*കൊണ്ടു
കുഴിമൂടിയതച്ഛന്‍; കന്നതില്‍ക്കുഴിച്ചിട്ടു
മണ്ണുകൂട്ടിയതച്ഛന്‍; നിത്യവും നനച്ചതും;
മഴ വന്നപ്പോള്‍ തോലും വെണ്ണീരും മണ്ണും കൂട്ടി
കൂടമാക്കിയതച്ഛന്‍; കാറ്റു വന്നെത്തും മുമ്പേ
മുള കെട്ടിയതച്ഛന്‍; വൈകാതെ വരും കുല-
യെന്നു ചൊന്നതും, പിന്നെ മടിച്ചു പുറത്തേയ്ക്കു
വന്നൊരക്കുല കാട്ടിത്തന്നതു,മണ്ണാര്‍ക്കണ്ണന്‍
കൂമ്പിനെയിതള്‍ മൂക്കാലടര്‍ത്തി,പ്പൂവോരോന്നും
പറിച്ചു തേനുണ്മതു കാണുവാനെന്നെത്തോളി-
ലേറ്റിയെത്രയോനേരം നിന്നതുമച്ഛന്‍; കുല
ചിങ്ങമാവണം മൂക്കാനെന്നു ചൊന്നതുമച്ഛന്‍;
ചിങ്ങത്തിലൊടുക്കമാണോണ,മോതിയതച്ഛന്‍.

കാണുകിക്കുല, യിതു കാണുമ്പോളറിയില്ലേ
ഞാനുമച്ഛനും കൂടി വെച്ചതാണല്ലോ വാഴ!
*********************************************
*തോല്‍= വളമായി ഇടുന്ന പച്ചിലയ്ക്കു പറയുന്ന ഗ്രാമ്യപദം

Tuesday, May 20, 2008

പുതിയ ബിംബങ്ങള്‍

പുത്തനാം ദൈവം പറഞ്ഞുവത്രേ, യിനി-
പ്പറ്റില്ല വാഴുവാന്‍ കല്ലിലും മണ്ണിലും-
ഉച്ചത്തിലാര്‍ത്തവര്‍ തച്ചുതകര്‍ത്തതി-
ക്കൊച്ചുകുടിലിന്‍ വിളക്കും വെളിച്ചവും!

ബുദ്ധനോതീ കല്ലിലില്ല ദൈവം? ലഘു-
ബുദ്ധികള്‍ ഞങ്ങളറിയുവതെങ്ങനെ?
ആരും മരിക്കാത്ത വീട്ടില്‍നിന്നിത്തിരി
‘മോരു’ ചോദിപ്പിച്ചു നേരറിയിച്ചതും
ഹിംസ പാടില്ലെന്നു ശാഠ്യം പിടിച്ചതും
സിംഹാസനത്തെയുപേക്ഷിച്ചുവെന്നതും
സിദ്ധാര്‍ത്ഥനെന്ന പേരന്വര്‍ത്ഥമാക്കുവാ-
നര്‍ത്ഥം വെടിഞ്ഞു യാഥാര്‍ത്ഥ്യം ഗ്രഹിച്ചതും-
ഒക്കെ മനസ്സിലാക്കീടുന്നു ഞങ്ങളി-
‘ന്നക്രൂര’ഭാവം* സ്വതസ്സിദ്ധമായവര്‍;
ഒന്നൊഴിച്ചൊക്കെ മനസ്സിലായ്- ഈശ്വരന്‍
ചൊന്നുവോ കല്ലില്‍ വാഴില്ലെന്നു തീര്‍ച്ചയായ്?

ഏതു ദൈവത്തെയും കല്ലില്‍ വരുത്തുവാന്‍
ഏതോ ശിലായുഗം തൊട്ടു ശീലിച്ചവര്‍
ഏതു പ്രതിമയും വാഴിക്കുവാന്‍ വേണ്ട
പീഠവും കോവിലും തീര്‍ക്കാന്‍ പഠിച്ചവര്‍
പുത്തന്‍ ദൈവത്തെയും വൃത്തിയായ് കല്ലിലേ
കൊത്തിവെച്ചൂ ഞങ്ങ,ളിത്തിരിപ്പോന്നവര്‍!
എന്തറിഞ്ഞൂ ഞങ്ങള്‍? പണ്ടത്തെത്തമ്പുരാ-
നേതു മൂഢന്നുമേ കാണാന്‍ കഴിയുവോന്‍;
കല്ലിലെന്നല്ല മണലില്‍പ്പതിഞ്ഞൊര-
ക്കാല്പാടിലും** കൂടി വാഴാന്‍ കഴിയുവോന്‍;
ബുദ്ധിയുള്ളോര്‍ക്കുമില്ലാത്തവര്‍ക്കും സ്വയ-
മുദ്ധരിക്കാന്‍ വഴിയുണ്ടെന്നു ചൊന്നവന്‍
അപ്പുരാനെത്തന്നെയാണു കാണുന്നതു
കൊത്തിയതാരെയായാലുമിക്കല്ലില്‍ നാം!

ഏതുപേര്‍ ചൊല്ലി വിളിക്കിലും വന്നിടാ-
മേതുരൂപത്തിലും ഭാവത്തിലുമെന്നു
***‘കണ്ടവ’രോടൊക്കെയോതിയ തമ്പുരാന്‍
വീണ്ടുമെത്തീടും വെളിച്ചം വിതയ്ക്കുവാന്‍!
---------------------------------------------------
നക്ഷത്രചിഹ്നമുള്ള വാക്കുകള്‍ക്കു കവിതയില്‍ ധരിക്കേണ്ട അവാച്യാര്‍ഥങ്ങള്‍:
*അക്രൂരഭാവം=പ്രതീകങ്ങളിലും ഭക്തരിലും ഈശ്വരസാന്നിധ്യം അനുഭവപ്പെടുന്ന അവസ്ഥ.
**കാളിന്ദീതീരത്തു ശ്രീകൃഷ്ണന്റെ കാലടിപതിഞ്ഞ മണലില്‍കിടന്നുരുണ്ടുവത്രേ അക്രൂരന്‍!
***ഋഷിമാര്‍, ദാര്‍ശനികര്‍

Thursday, May 1, 2008

മരണമൊഴി

മരണമൊഴി
(വടക്കന്‍ കേരളത്തിലെ വിധവയായ ഒരമ്മയ്ക്ക് കുഞ്ഞുപിറന്നു.ദുഷ്പേരു ഭയന്ന് അതിനെ പറമ്പിലൊരിടത്തു കുഴിച്ചിട്ടു.പുല്ലരിയാന്‍ പോയ മറ്റൊരമ്മ ഉറുമ്പുകള്‍ പൊതിഞ്ഞിരുന്ന കുഞ്ഞിനെ, കൈ പുറത്തുണ്ടായിരുന്നതുകൊണ്ട് കണ്ടെത്തി പുറത്തെടുക്കുമ്പോഴും അതിനു ജീവനുണ്ടായിരുന്നു. രണ്ടുമൂന്നുദിവസം ജീവിച്ചശേഷമാണ് ആ കുഞ്ഞു മരിച്ചത്. ‘കാരുണ്യത്തിന്റെ കവയിത്രി’യായ സുഗതകുമാരിടീച്ചര് ‍ഒരു ടീവീ ചാനലിനോടു സംസാരിച്ചപ്പോള്‍ ആയമ്മയെ ‘ഭ്രാന്തി’യെന്നു വിശേഷിപ്പിച്ചത് കവിയ്ക്ക് അരോചകമായിത്തോന്നി. മരിയ്ക്കും മുമ്പ് ആ കുഞ്ഞിന്റെ മൊഴി-അമ്മയോടുള്ള മൊഴി- കുറിച്ചെടുത്തതാണീ കവിത.)
കുന്തിയെ വിളിച്ചുവോ ഭ്രാന്തിയെന്നാരെങ്കിലും
ശാന്തിപര്‍വത്തില്‍ക്കൂടി നോക്കി നീയിതിഹാസം;
സന്തതി പിറന്നേടം വെടിയാന്‍പറഞ്ഞോര-
പ്പണ്ഡിതശ്രേഷ്ഠന്‍ ‘വരകവി’യെന്നല്ലോ പാഠം!
സന്താപമെന്തെന്നാരുമറിയാതിരിക്കുവാന്‍
ഉന്തി നീ സ്വന്തം വായില്‍ക്കേറ്റിയീ പഴം പാഠം!
നെഞ്ചിടിപ്പുകൊണ്ടല്ലോ കുണ്ടുകുത്തിയ,താരും
കണ്ടതില്ലപോല്‍ നിന്റെ കുണ്ഠിതമതുവരെ!
മറ്റൊരു മാതാവെന്നെക്കണ്ടെടുത്തപ്പോഴേക്കും
പെറ്റതേക്കാളും കൊടുംകുറ്റമായ് നിനക്കു ഞാന്‍‍!
ഏതുപാപവുമോളക്കൈനീട്ടിവാങ്ങും ഗംഗാ-
മാതാവു വറ്റിപ്പോയീ നാട്ടുകാര്‍ കാണെക്കാണെ;
കുറ്റമി,ല്ലധിരഥരാധമാര്‍ തീരം വിട്ടു
മറ്റെങ്ങോ കുടിയേറീ, തെറ്റതില്‍പ്പറയാമോ?
പെറ്റതേ കുറ്റം,പകല്‍വെട്ടമാര്‍ത്തിടും; പേടി-
ച്ചറ്റകൈയ്ക്കു നീ ചെയ്തതാണു പോല്‍‍കൊടുംകുറ്റം!
അരിച്ചു മണം പിടിച്ചെത്തിയ ‘കുനിയന്‍’മാര്‍
കടിക്കെപ്പിടഞ്ഞതു നീയാണെന്നറിഞ്ഞതാര്‍?
അക്ഷരപ്പടയതാ കാത്തുനില്‍ക്കുന്നൂ നിന്റെ-
യിത്തിരി ശേഷിക്കുന്ന രക്തവും കുടിക്കുവാന്‍!
വയ്യെനിക്കതു കാണാന്‍, മണ്ണിതില്‍പ്പുതയാത്ത
കയ്യിനാകുമോ നാളേത്തേരുരുള്‍ പൊക്കീടുവാന്‍?
രാധേയനായാല്‍ത്തന്നെ, നാളെയിസ്സഭയെന്നെ
ഭ്രാതാവിന്നെതിരായീട്ടമ്പുകള്‍ തൊടുപ്പിക്കും,
പിന്നെ നീയവരുടെ ജീവനെയിരന്നെന്റെ
മുന്നില്‍ വന്നില്ലാതാവും, പിന്നെ ഞാനില്ലാതാവും...
മന്ത്രശക്തിയില്‍തോന്നീ ശങ്ക; നിന്‍ വിനയതായ്;
മന്ത്രമേ മറക്കുംഞാ,നന്തകനണയുമ്പോള്‍...
എന്തിനാണാവര്‍ത്തിപ്പതിന്ത്യതന്നിതിഹാസം
സന്ധിയുമശാന്തിയും രുധിരം ചിന്തീടുമ്പോള്‍?
ഇനിഞാനുറങ്ങട്ടെ, കീറുവാന്‍ മുറിക്കുവാന്‍
അധികം മിനക്കെടാതിക്കഥ കഴിയട്ടേ!