Saturday, January 2, 2010

നല്ലൊരു കവിതയിതാ

കവിത കുറിച്ചുവച്ച നോട്ടുപുസ്തകം തിരഞ്ഞുനോക്കി കിട്ടുന്നില്ല…എന്നെങ്കിലും കിട്ടുമായിരിക്കും…
മനസ്സിൽ പിന്നെയുള്ളതു വായിച്ച നല്ല കവിതകളാണ്. 2008 ലെ കേസരി വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഈ കവിത എഴുതിയത് ‘ലോപ’ ആണ്. (തൂലികാനാമമോ എന്നറിയില്ല…ഇത്ര നല്ല കവിത എഴുതുന്നയാൾ അപ്രശസ്ത(ൻ) ആവില്ല; എന്റെ വായനക്കുറവാകാം കാരണം.
ഉദ്യോഗസ്ഥ എന്ന ശീർഷകത്തിനു ഉദ്+ യോഗസ്ഥ എന്ന വിഘടനവും ‘യോഗസ്ഥ: കുരു കർമ്മാണി സങ്ഗംത്യക്ത്വാ ധനഞ്ജയ ‘ എന്ന സംഘടനവും ആലോചിച്ച് കവിയെയും എല്ലാ ഉദ്യോഗസ്ഥകളെയും എല്ലാ അമ്മമാരേയും നിഷ്കാമകർമ്മോദ്യോഗസ്ഥകളേയും നമസ്കരിച്ചു ഞാൻ.
ഈ കവിത മൂളിനടന്നത് “വർണ്ണവിവേകം” എന്ന എന്റെ കവിതക്കു പ്രചോദനമായി എന്നു സന്തോഷപൂർവ്വം പറയട്ടെ. ‘അടുക്കളപ്പിശാച്’ എന്ന പദത്തിനു ഇതരഭാഷകളിലെങ്ങാനും പ്രത്യേകാർഥമുണ്ടോ ആവോ? കഴിച്ചു കഴിഞ്ഞഭക്ഷണത്തിന്റെ വെച്ചതും വിളമ്പിയതും കഴിച്ചതുമായ പാത്രങ്ങൾ കഴുകാൻ കൂട്ടിയിട്ടത്- അതിലോരോന്നും കഴുകിയിട്ടു വേണം പുതിയ നല്ല ഭക്ഷണമുണ്ടാക്കാൻ എന്നാലോചിക്കുമ്പോൾ അടുക്കളയിലേക്കു കയറാനേ തോന്നാ‍തിരിക്കുന്ന അവസ്ഥ- (കുലത്തിലെ ഗതികിട്ടാത്ത പൂർവികപ്രേതങ്ങൾ പിശാചരൂപത്തിൽ വന്ന് സന്താനഭാഗത്തു ബാധയാവുന്നതുമൊക്കെയാണോ അടുക്കളപ്പിശാച് എന്ന ആ പദത്തിനു പിന്നിൽ?
ഇത്ര നല്ല കവിത 2008നുശേഷം കണ്ടില്ല. 2010ലും ഇതു തന്നെ പാടട്ടെ ഒരു പത്തുപ്രാവശ്യം.(നതോന്നതയുടെ ഒന്നാമത്തെ വരി പകുത്തെഴുതിയതാണു ഓരോ വരിയും..ഈണത്തിലും താളത്തിലും ഭാവത്തിലും ചൊല്ലാം.

ഉദ്യോഗസ്ഥ
(ലോപ) *

ഉഷസ്സിനെയുണർത്തുന്നോൾ
ഉറങ്ങും മുമ്പുണരുന്നോൾ
കുളി,വേഷം മാറ്റലൊക്കെ
ഞൊടികൊണ്ടു കഴിക്കുന്നോൾ
ഇരുന്നാലുമിരിപ്പെങ്ങു-
മുറയ്ക്കാത്തോൾ, നിന്നുകൊണ്ട്
കഴിച്ചെന്നു വരുത്തുന്ന
കലശീലിച്ചെടുക്കുന്നോൾ
പലപാത്രങ്ങളിൽ പല
വിഭവമായ് നിറയുന്നോൾ
തനിക്കായിട്ടെടുക്കുവാൻ
മറക്കുന്നോൾ- പത്തുതൊട്ടു
വരച്ചും വെട്ടിയുമോഫീസ്
മുറിക്കുള്ളിൽ നരയ്ക്കുന്നോൾ…

നടന്നു,മോടിയും വീണും
നിവർന്നും വീട്ടിലെത്താനായ്
സ്വകാര്യബസ്സിലെ സർക്കസ്സ്
പരിശീലിച്ചൊടുങ്ങുന്നോൾ..
പിണങ്ങാനും ചിണുങ്ങാനും
കാത്തിരിക്കും കുരുന്നിനെ,
പ്രിയങ്ങൾ തെറ്റുകിൽത്തെല്ലും
കനിയാത്ത പ(കു)തിയെ
വിഴുങ്ങുവാൻ വാപിളർത്തു-
മടുക്കളപ്പിശാചിനെ,
തടുക്കുവാൻ ചിരിമാത്രം
പരിചയായ് പിടിക്കുന്നോൾ…
ക്ഷമയിൽ ഭൂമിയെ വെന്നോൾ….

കിടന്നാലും കിടക്കാതെ-
ഉറങ്ങും മുൻപുണരുന്നോൾ
ഉഷസ്സിനെയുണർത്തുന്നോൾ…
----------------------------------------------
* തൂലികാനാമമാണോ എന്നറിയില്ല

7 comments:

P.C.MADHURAJ said...

ലോപ എന്നത് കവയിത്രിയുടെ യഥാർഥപേരാണെന്നും അവർക്കീയിടെ നല്ല കവിതക്കുള്ള അവാർഡ് (കെ.എൻ.ദുർഗ്ഗാദത്തൻ) കിട്ടിയിട്ടുണ്ടെന്നും കേസരിയിൽനിന്നറിഞ്ഞു.
സന്തോഷം!

നന്ദന said...

നല്ല കവിത

P.C.MADHURAJ said...

നന്ദി, നന്ദന.

Jyothirmayi said...

ഇതു ഞാനും ഇപ്പോഴേ കണ്ടുള്ളൂ...

ഈ കവിത പരിചയപ്പെടുത്തിയതിനു നന്ദി

(ജ്യോതി/വാഗ്‌ജ്യോതി)

sajith said...

അടുക്കളപ്പിശാച് എന്ന് ആദ്യമായി കേൾക്കുകയാണ്. സഞ്ജയൻ്റെ തീവണ്ടിപ്പിശാചിനെ ഓർമ്മ വരുന്നു.

ലോപ എന്ന പേര് ചേരുന്നില്ല. മലയാളത്തിൻ്റെ കവിത്വത്തിന് ഒരു ലോപവുമില്ല എന്നു തെളിയിക്കുന്ന കവിത. നന്ദി.

P.C.MADHURAJ said...

🙏

P.C.MADHURAJ said...

🙏