പണ്ടുപണ്ട്, ഒരു ദിക്കിൽ ഒരമ്മയും ഒരു മിടുക്കനും താമസിച്ചിരുന്നു .ആ മിടുക്കനെ കുറച്ചു വലുതായപ്പോൾ അമ്മ സ്കൂളിൽ ചേർത്തു. അന്നൊക്കെ സ്കൂൾ എന്നു പറഞ്ഞാൽ നിങ്ങളുടെ സ്കൂളുപോലെയല്ല. സ്കൂളെന്നു പറഞ്ഞാൽ പഠിപ്പിക്കുന്ന സാറിന്റെ/മാഷ്ന്റെ വീടു തന്നെ. അതിനു പാഠശാല, ശാല എന്നു പറയും. ചില കുട്ടികൾ അവിടെത്തന്നെ താമസിക്കും. അടുത്താണു വീടെങ്കിൽ ചില കുട്ടികൾ സ്വന്തം വീട്ടിൽ താമസിച്ചു എന്നും രാവിലെ ശാലയിലേക്കു നടന്നു പോകും, വൈകുന്നേരം ശാല വിട്ടൽ വീട്ടിലേക്കു നടന്നു വരും.
ഈ മിടുക്കന്റെ വീട്ടിൽനിന്നു കുറേ ദൂരമുണ്ട് ശാലയിലേക്കു. മാത്രമല്ല ചെറിയ ഒരു കാടു കടന്നു പോവുകയും വേണം.എന്നാലും ഗുരുവിന്റെ (പണ്ടൊക്കെ പഠിപ്പിക്കുന്നവരെ ഗുരു എന്നാണു വിളിക്കുക, ഗുരു അല്ലെങ്കിൽ ഗുരുനാഥൻ) വീട്ടിൽ താമസിച്ചു പഠിക്കാൻ മിടുക്കനു തോന്നിയില്ല. എന്താ കാരണം? മിടുക്കൻ വന്നില്ലെങ്കിൽ രാത്രി അമ്മ ഒറ്റക്കാവില്ലെ? അപ്പോളമ്മക്കു പേടിയായാലോ? രാത്രി ഒറ്റക്കിരിക്കാൻ എത്ര പേടിയുണ്ടെന്നു മിടുക്കനറിയാം.
എന്നാലും കാടു കടന്നു പോകേണ്ടെ?
ഒന്നാമത്തെ ദിവസം അമ്മ കൂടെ വന്നു. അന്നു അമ്മ ജോലിക്കു പോയില്ല. എന്നും അമ്മക്കു ജോലിക്കു പോകാതിരിക്കാൻ പറ്റുമോ? ജോലിക്കു പോയാലെ കഞ്ഞി വെക്കാൻ അമ്മക്ക് അരികിട്ടൂ.
മിടുക്കനു കാട്ടിൽക്കൂടി ഒറ്റക്കു പോകാൻപേടിയുണ്ടെന്നു അമ്മക്കു മനസ്സിലായി. അപ്പോൾ അമ്മ ഒരു വിദ്യപറഞ്ഞുകൊടുത്തു. കാട്ടിലുണ്ട് ഒരേട്ടൻ.കണ്ണേട്ടൻ. പേടി തോന്നിയാൽ ആ കണ്ണേട്ടനെ വിളിച്ചാൽ മതി. ഓടിവരും.
അതുകേട്ടപ്പോൾ മിടുക്കനു സമാധാനമായി.
പിറ്റെന്നു അമ്മ കാടോളം കൂടെ ചെന്നു. മിടുക്കൻ ഒറ്റക്കു മുന്നോട്ടു നടന്നു. കുറച്ചു നടന്നു തിരിഞ്ഞു നോക്കിയപ്പോൾ അമ്മയുണ്ട് കയ്യുയർത്തി നിൽക്കുന്നു…മിടുക്കനു ധൈര്യമായി…അമ്മ പൊക്കോളൂ…അവൻ വിളിച്ചുപറഞ്ഞു.
കുറച്ചു ദൂരംകൂടി നടന്നു വളവു തിരിഞ്ഞതു അവനറിഞ്ഞില്ല.തിരിഞ്ഞു നോക്കിയപ്പോൾ അമ്മയെ കാണാനില്ല. പേടി തോന്നി…കണ്ണടച്ചു ഉടനെ വിളിച്ചു “കണ്ണേട്ടാ”…വിളിച്ചുവോ, വിളിക്കാൻ പുറപ്പെട്ടുവൊ എന്നറിയില്ല, അത്ര പെട്ടെന്നു കണ്ണേട്ടൻ വന്നു കഴിഞ്ഞു…തോളിൽ കൈവെച്ചു “ഞാനില്ലേ ഇവിടെ” എന്നു എന്നു കേട്ടപ്പോഴെ കൺതുറന്നുള്ളൂ. പിന്നെ കാടു നടന്നു തീരുന്ന വരെയും കണ്ണേട്ടൻ കൂടെ ഉണ്ടായിരുന്നു…ഒറ്റക്കു നടന്ന് പേടിയും സങ്കടവും വരുന്ന കുട്ടികൾ വിളിക്കുമ്പോൾ കൂടെ പോകലാണത്രെ കണ്ണേട്ടന്റെ പണി. അല്ലാത്ത സമയം കാലിമേക്കലും.കാലികളൊക്കെ പുല്ലുതിന്നാൻ പോയാൽ കണ്ണേട്ടൻ മരത്തണലിലിരുന്ന് ഓടക്കുഴൽ വായിക്കും.
കാടുകടക്കുവോളം കണ്ണേട്ടൻ കൂടെത്തന്നെ വന്നു.
അതിർത്തിയെത്തിയപ്പോൾ “ഇനി മിടുക്കൻ പൊക്കോളു, വൈകുന്നേരം കാണാം“ എന്നു പറഞ്ഞാണു കണ്ണേട്ടൻ പോയതു.
ശാലയിലെത്തിയപ്പോൾ ശാലയിലമ്മ, ഗുരുവിന്റെ വീട്ടിലെ അമ്മ,-അവരാണു നടന്നു വരുന്ന കുട്ടികൾക്കു വെള്ളം കുടിക്കാൻ കൊടുക്കുന്നതും, ചെറിയ കുട്ടികൾക്കു കൈകാൽ കഴുകാൻ വെള്ളമൊഴിച്ചു കൊടുക്കുന്നതുമൊക്കെ.- ചോദിച്ചു ‘മിടുക്കന്റെ അമ്മ വന്നില്ലേ കൂടെ ’എന്നു. ‘കാടു കടത്തിവിടാൻ അമ്മ കണ്ണേട്ടനോട് പറഞ്ഞെൽപ്പിച്ചിരുന്നു’ എന്നു പറഞ്ഞ് മിടുക്കൻ കൂട്ടുകാരുടെ കൂടെ ചെന്നിരുന്നു.
വൈകുന്നേരം ശാലവിട്ട് പോകുമ്പോഴും ശാലയിലെ അമ്മ ചോദിച്ചു, മിടുക്കനൊറ്റക്കു പോകുമോ എന്നു…കണ്ണേട്ടനുണ്ട് കാടുകടത്താനെന്നു മിടുക്കൻപറഞ്ഞു.
അതിർത്തികടന്നു കാട്ടിൽക്കയറിയപ്പോളേക്കും വന്നു കണ്ണേട്ടൻ. അന്നു ശാലയിലുണ്ടായ കാര്യങ്ങൾ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. കണ്ണേട്ടൻ കൂടി സ്കൂളിൽ വന്നാൽ നന്നായിരുന്നു എന്നു മിടുക്കനു തോന്നി. വരുമോ എന്നു ചോദിക്കുകയും ചെയ്തു…വലിയ കുട്ടികളുടെ ക്ലാസിലാണല്ലൊ ഇരിക്കേണ്ടി വരിക എന്നാലോചിച്ചു വിഷമം തോന്നി. പക്ഷെ കണ്ണേട്ടനു കാലികളെ വിട്ടു വരാൻ വയ്യത്രെ.
കാടിന്റെ ഒടുക്കത്തെ വളവു കഴിഞ്ഞപ്പോൾ “ഇനി നാളെ കാണാ”മെന്നു പറഞ്ഞു കണ്ണേട്ടൻ പോയി. വളവു തിരിഞ്ഞപ്പോളെക്കും ദൂരെനിന്നു തന്നെ അമ്മയെ കണ്ടു. ഓടാന്തുടങ്ങിയപ്പോൾ നടന്നാൽ മതി എന്നമ്മ വിളിച്ചുപറഞ്ഞു. അടുത്തെത്തിയ ഉടനെ അമ്മ എടുത്തു കെട്ടിപ്പിടിച്ചു ഉമ്മവെച്ചു. സ്കൂളിൽ പോയിത്തുടങ്ങിയാൽ എടുക്കില്ലെന്നു അമ്മ പറഞ്ഞതു അമ്മ തന്നെ മറന്നതിൽ സന്തോഷം തോന്നി. പക്ഷേ എടുത്തു രണ്ടറ്റി നടന്നപ്പോഴേക്കും അമ്മക്കു വയ്യ എന്നു കണ്ട് മിടുക്കൻ നിലത്തിറങ്ങി.വിശക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോഴാണ് ഉച്ചക്ക് ശാലയിലമ്മ കഞ്ഞി വിളമ്പിത്തന്നതും പ്ലാവില കോട്ടി കഞ്ഞികുടിച്ചതുമൊക്കെ ഓർമ്മ വന്നതു. വയറുനിറച്ചു കഴിച്ചു എന്നു പറഞ്ഞപ്പോൾ അമ്മക്കു സന്തോഷമായി. കാടു കടക്കാൻ പേടിയായോ എന്നമ്മ ചോദിച്ചപ്പോൾ, പേടിതോന്നി എന്നു പറയാൻ ജാള്യത തോന്നി.അമ്മ കണ്ണേട്ടനെ വിളിച്ചോളാൻ പറഞ്ഞതുകൊണ്ട് കാടുകടക്കാനും പേടിയായില്ല എന്നു പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല.
അങ്ങനെ എന്നും മിടുക്കൻ കണ്ണേട്ടന്റെ കൂടെ കാടുകടന്നു ശാലയീൽപ്പോയി. ഒരു ദിവസം ശാലയിലമ്മ പറഞ്ഞു അടുത്ത ആഴ്ച ഗുരുനാഥന്റെ പിറന്നാളാണു, എല്ലാവരും വീട്ടിൽനിന്നു സദ്യയുണ്ടാക്കാൻ എന്തെങ്കിലും കൊണ്ടുവരണമെന്ന്. എന്താണു കൊണ്ട് വരേണ്ടതെന്നു ചോദിച്ചപ്പോൾ ‘അമ്മ തരുന്നതെന്തോ അതു കൊണ്ടുവരാ’നാണു ശാലയിലമ്മ പറഞ്ഞതു. മിടുക്കനാണെങ്കിൽ ഒന്നും മനസ്സിലായില്ല. അമ്മയോടു പറഞ്ഞു. അമ്മ പറഞ്ഞു, ‘നമ്മൾ സാധുക്കളല്ലേ, നമ്മളെന്തു കൊടുക്കാനാണ് എന്ന്.
മിടുക്കൻ ശാലയിലമ്മയോട് അമ്മ പറഞ്ഞതു പറഞ്ഞു. ‘അമ്മയെന്താണു നിന്നെക്കൊണ്ട് വരാൻ ഇവിടെ വരാത്തത്, അമ്മയോടു വരാൻപറയു എന്നു ശാലയിലമ്മ പറഞ്ഞു. ശാലയിലമ്മയോട് മിടുക്കൻ പറഞ്ഞു, അമ്മക്കെന്നും പണിക്കു പോണം…അതുകൊണ്ട് കണ്ണേട്ടനാണു തന്നെ ശാലയിൽക്കൊണ്ടുവരാറ് എന്നു.
‘എന്നാൽ കണ്ണേട്ടനോടു പറയു ഇവിടെ വരാൻ” എന്നു ശാലയിലമ്മ.
‘കണ്ണേട്ടനും പണിയുണ്ടല്ലോ’ എന്നു മിടുക്കൻ.
‘എന്താണു പണി?’
‘കാലിമേക്കൽ, അറിയില്ലേ’ എന്നു മിടുക്കൻ പറഞ്ഞപ്പോൾ, ‘എന്നാലൊരുകുപ്പി നെയ്യു കൊണ്ടുവരു’ എന്നു ശാലയിലമ്മ പറഞ്ഞു.
അന്നു വൈകുന്നേരം മിടുക്കൻ കണ്ണേട്ടനോടു വിവരമൊക്കെ പറഞ്ഞു. പിറന്നാൾ ദിവസം വരുമ്പോൾ മിടുക്കനൊരു കുപ്പി കൊണ്ടുവരു, കണ്ണേട്ടൻ നെയ്യു തരാമെന്ന് പറഞ്ഞു കണ്ണേട്ടൻ മിടുക്കനെ സമാധാനിപ്പിച്ചു.
മിടുക്കനാണെങ്കിൽ അമ്മയോട് പിന്നെയൊന്നും ചോദിച്ചില്ല. ആദ്യദിവസം പിറന്നാൾക്കാര്യം പറഞ്ഞപ്പോൾ അമ്മയുടെ കണ്ണു നിറഞ്ഞതു അവൻ കണ്ടിരുന്നു. അമ്മയ്ക്കു സങ്കടം വന്നതു എന്തുകൊണ്ടാണെന്നു മനസ്സിലായില്ലെങ്കിലും ഇനി അതിനെപ്പറ്റി പറഞ്ഞ് അമ്മയെ വിഷമിപ്പിക്കേണ്ടെന്നു മിടുക്കനും കരുതി.
പക്ഷെ വീടാകെ പരതിനോക്കിയിട്ടൂം അവനൊരു കുപ്പി കണ്ടെത്താൻ കഴിഞ്ഞില്ല.തിരഞ്ഞു തിരഞ്ഞു ഒടുക്കം ഇഞ്ജെക്ഷ്ന്റെ മരുന്നു കൊണ്ടുവന്ന ഒരു പഴയ കുപ്പി കണ്ടെത്തി. അതു നന്നായി കഴുകി മിടുക്കൻ കീശയിലിട്ടു കൊണ്ടുപോയി. കണ്ണേട്ടനാകട്ടെ ആ കുപ്പി നിറച്ചും നെയ്യു കൊടുക്കുകയും ചെയ്തു. മിടുക്കൻ സന്തോഷത്തോടെ ശാലയിലേക്കു അതു കൊണ്ടുപോകുകയും ചെയ്തു.
ശാലയിലെത്തി ഓരോരുത്തരും കൊണ്ടുവന്ന സാധനങ്ങൾ നിരത്തിവെച്ചതുകണ്ടപ്പോൾ , താൻ മാത്രമേ നെയ്യുകൊണ്ടു വന്നിട്ടുള്ളുവല്ലോ, മറ്റെല്ലാവരും അരി, പയറ്, പച്ചക്കറികൾ തുടങ്ങി വലിയ സഞ്ചിയിലാണല്ലോ സാധനം കൊണ്ടു വന്നതു എന്നത് അദ്ഭുതവും കുറച്ചൊരു വിഷമവുമുണ്ടാക്കി. ശാലയിലമ്മ പറഞ്ഞതാണല്ലോ ഒരു കുപ്പിനെയ്യു കൊണ്ടുവരാൻ എന്നും, കണ്ണേട്ടൻ തന്ന നെയ്യാണല്ലോ എന്നും ആലോചിച്ചു അവൻ സമാധാനിച്ചു.കുറ്ച്ചു കഴിഞ്ഞ് ഇതാണോ നീ കൊണ്ടുവന്നതു എന്നു ചോദിച്ചു എല്ലാവരുംചിരിക്കാൻ തുടങ്ങി.
പിന്നെപ്പിന്നെ,പിറന്നാളിനു വന്നവരും കൂട്ടുകാരും ശാലയിലമ്മ പോലും ഇതാണോ പൂച്ചക്കു കൊടുക്കാൻ നീ കൊണ്ടുവന്ന നെയ്യു എന്നു ചോദിച്ചു പരിഹസിച്ചപ്പോൾ അവനു സങ്കടം സഹിക്കവയ്യാതായി. ആരുമറിയാതെ അവൻ ശാലയിൽനിന്നിറങ്ങി.
അതിർത്തിയിലെത്തി ദൂരെനിന്നു കണ്ണേട്ടനെ കണ്ടതും മിടുക്കൻ പൊട്ടിക്കരഞ്ഞു. ഏങ്ങലടിച്ച് അവനു എന്താണുണ്ടായതെന്നു പറയാൻപോലും കഴിഞ്ഞില്ല. പറയാൻ പുറപ്പെടുമ്പോഴേക്കും ശാലയിലുണ്ടായ കാര്യങ്ങൾ ആലോചിച്ച് അവനു സങ്കടം കൂടിയതേയുള്ളു.
കണ്ണേട്ടൻ പിന്നെയൊന്നും ചോദിച്ചില്ല. കൈപിടിച്ച് വീട്ടിലേക്കുള്ള വഴിയിൽനിന്നു മാറി,അരുവിക്കരയിൽ കൊണ്ടുപോയി മുഖം കഴുകിച്ചു. മരത്തണലിലിരുന്നു. കുറേ മധുരമുള്ള മാമ്പഴം തന്നു.നല്ലവിശപ്പുണ്ടായിരുന്നതുകൊണ്ട് രണ്ടുമൂന്നെണ്ണം വേഗം കഴിച്ചു. പിന്നെയാണു കണ്ണേട്ടൻ ഓടക്കുഴൽ വിളിക്കുന്നതു ശ്രദ്ധിച്ചത്. അതും കേട്ട് കിടന്നു മിടുക്കൻ പതുക്കെ മയങ്ങിപ്പോയി.
അപ്പോൾ ശാലയിലെന്തുണ്ടായെന്നോ? ഉച്ചയായി, എല്ലാവരും ഉണ്ണാനിരുന്നു. നെയ്യു വിളമ്പാറായപ്പോഴാണ്, ആരോ, നെയ്യു കൊണ്ടുവന്ന മിടുക്കനെവിടെ എന്ന് ചോദിച്ചത്. എവിടെ മിടുക്കൻ എന്നു എല്ലാവരും ചോദിച്ചതല്ലാതെ ആർക്കും പറയാൻ സാധിച്ചില്ല അവനെവിടെയെന്ന്. അപ്പോഴാണ് ഗുരുനാഥന് അതു ശ്രദ്ധിച്ചത്. അവനെ പരിഹസിക്കാതിരുന്ന ചിലർ പറഞ്ഞു എല്ലാവരും കളിയാക്കിയതുകൊണ്ട് സങ്കടപ്പെട്ട് അവൻ വീട്ടിലേക്കു പോയതായിരിക്കുമെന്നു.അതു കേട്ടപ്പോൾ ഗുരുനാഥന്റെ ഭാവം മാറി. മിടുക്കനെ കൂട്ടിക്കൊണ്ടു വന്നിട്ടുമതി ഊൺ തുടങ്ങനെന്നു അദ്ദേഹം ശഠിച്ചു. “അവൻ കൊണ്ടുവന്ന നെയ്യെവിടെ?” ഗുരുനാഥൻ ചോദിച്ചു.പരിഹസിച്ചു ചിരിച്ചവർ അങ്ങുമിങ്ങും നോക്കി. ശാലയിലമ്മ പറഞ്ഞു, “ചെറിയൊരു കുപ്പിയിലാണവൻ കൊണ്ടുവന്നത്. അതൊരു ചിരാതിൽ ഒഴിക്കാനുള്ളത്രയേ ഉണ്ടായിരുന്നുള്ളൂ, ഞാനതെടുത്തു പടിഞ്ഞാറ്റയിൽ നെയ്‌വിളക്കു കത്തിച്ചു.”
അതെത്ര കുറച്ചേ ഉണ്ടായിരുന്നുള്ളൂ എന്നു കാണിക്കാൻ അവർ ആ കുപ്പിയെടുക്കാൻ വേണ്ടി പടിഞ്ഞാറ്റയിലേക്കു പോയി. അവർ ‘ഈ കുപ്പിയിലുള്ളതു മുഴുവൻ ഞാനി ചിരാതിലൊഴിച്ചിരുന്നുവല്ലോ, ഇനിയുമുണ്ടോ” എന്നു പറഞ്ഞു മറ്റൊരു ചിരാതിലേക്കു ആ കുപ്പിയിലെ നെയ്യൊഴിച്ചു.അവിശ്വസനീയമെന്നുപറയട്ടെ, രണ്ടാമത്തെ ചിരാതിലൊഴിച്ചു കുപ്പി നിവർത്തിവെച്ചപ്പോൾ വീണ്ടും കുപ്പി നിറയെ നെയ്യ്. അവർ അവിടെയുള്ള ചിരാതിലൊക്കെ നിറച്ചു. എന്നിട്ടൂം കുപ്പി നിറയെ നെയ്യ്. ഊണുകഴിക്കാനിരുന്നവരൊക്കെ അദ്ഭുതം കാണാനെഴുന്നേറ്റു.നിലവിളക്കുകളിലൊക്കെ ഒഴിച്ചു. അദ്ഭുതം സ്വയം ബോധ്യ്പ്പെടാൻ പലരും കുപ്പിയിലെ നെയ്യെടുത്ത് കണ്ട പാത്രത്തിലൊക്കെ ഓഴിച്ചു. ഏതു പാത്രത്തിലൊഴിച്ചാലും അതു നിറഞ്ഞുകഴിഞ്ഞാലും കുപ്പി നിറയെ നെയ്യ്.
പിന്നെ സംശയിച്ചില്ല, ഗുരുനാഥനും ശാലയിലമ്മയും എല്ലാവരും ചേർന്നു മിടുക്കനെത്തേടി അവന്റെ വീട്ടിലേക്കു നടന്നു. വീട്ടിലുണ്ടാകുമെന്നേ അവർ കരുതിയുള്ളൂ. ശാലയിലെല്ലാവരും കൂടി വീട്ടിലേക്കു വരുന്നതു കണ്ടമ്പരന്നു, അവരുടെ കൂട്ടത്തിൽ തന്റെ മകനില്ലെന്നു കണ്ട അമ്മയുടെ മുഖഭാവം കണ്ടപ്പോൾഅദ്ഭുതത്തിനു പകരം എല്ലാവരുടെ മുഖത്തും പരിഭ്രമമായി.
ശാലയിലമ്മ ചോദിച്ചു, മിടുക്കനെ കാടുകടത്തിവിടാൻ അമ്മ പറഞ്ഞയക്കാറുള്ള കണ്ണേട്ടനെവിടെ?
കണ്ണേട്ടനോ? അതു പേടി തോന്നിയാൽ വിളിക്കാൻ അമ്പാടിക്കണ്ണന്റെ പേർ പറഞ്ഞു കൊടുത്തതാണെന്നമ്മ. അല്ലല്ല, എന്നും കണ്ണേട്ടന്റെ കൂടെയാണു മിടുക്കൻ വരാറെന്നു ശാലയിലമ്മയും കൂട്ടുകാരും. അല്ലാതെ ഈ കൊടുങ്കാട്ടിലൂടെ മിടുക്കനൊറ്റക്കു വരികയോ? എല്ലാവരും കാട്ടിലേക്കു തിരിച്ചു നടന്നു.
മിടുക്കാ, എന്ന അമ്മയുടെ വിളികേട്ടാണു മിടുക്കനുണർന്നതു. വൈകുന്നേരമായി, ശാലവിട്ടു വീടണയാറായി എന്നു പറഞ്ഞ് മിടുക്കനെ കാടിനതിർത്തിയിലെ വളവോളം കണ്ണെട്ടൻ കൊണ്ടുവിട്ടു. സങ്കടം മാറിയില്ലേ എന്നു ചോദിച്ചപ്പോഴെക്കും കണ്ണു നിറഞ്ഞ മിടുക്കനു സന്തോഷമാവാൻ കണ്ണേട്ടൻ ഒരോടക്കുഴലും മയിൽപ്പീലിയും കൊടുത്തു-
മിടുക്കൻ അമ്മയുടെ ശബ്ദം കേട്ട ദിക്കിലേക്കു നടന്നു..അപ്പോഴാണു ഗുരുനാഥനും മറ്റെല്ലവരുംകൂടി വരുന്നത് കണ്ടതു. ആരോടും പറയാതെയാണല്ലോ ശാലയിൽനിന്നിറങ്ങിയത് എന്നു മിടുക്കൻ അപ്പോഴാണു ഓർമ്മിച്ചതു. എവിടെയായിരുന്നു നീയിതുവരെ എന്നെല്ലാവരും കൂടി ചോദിച്ചപ്പോൾ പരിഭ്രമിച്ച് “ദാ അവിടെ, കണ്ണേട്ടന്റെ കൂടെ” എന്നു മാത്രം അവൻ പറഞ്ഞു. “നെയ്യു തന്ന കണ്ണേട്ടനാണോ?” എന്നു ശാലയിലമ്മ ചോദിച്ചപ്പോൾ കണ്ണിൽ വെള്ളം നിറച്ചുകൊണ്ട്, അവൻ അമ്മയുടെ നീട്ടിയ കൈകളിലേക്കു ഓടിക്കയറി, “ ഈ ഓടക്കുഴലും മയിൽപ്പീലിയും കണ്ണേട്ടൻ തന്നതാണു“ എന്നു പറഞ്ഞു. മിടുക്കനെ വാരിപ്പുണർന്നുമ്മവെച്ച അമ്മക്കു മാത്രമേ അവന്റെ കയ്യിലെ മയിൽപ്പീലിയും ഓടക്കുഴലും കാണാൻ കഴിഞ്ഞുള്ളൂ.
2 comments:
കഥ കഥ കസ്തൂരി....
കണ്ണേട്ടന്റൊരു കഥ!!
Kadha valare nannayi
Post a Comment