Friday, March 13, 2009

വർണ്ണവിവേകം

വർണ്ണവിവേകം

നിറമെഴാനിശയിൽ കണ്മിഴിതുറന്ന
സുഗന്ധരാജ്യത്തിന്നിതൾക്കവിൾത്തടത്തിൽ
ഒരു മഞ്ഞുകണംനിന്നൂ പുലരുവോളം
സവിതാവിൻ വരേണ്യമാം വരവു കാണാൻ....

കിഴക്കന്മാമലകൾതന്നിടയിലൂടെ
അരിച്ചെത്തും വെളിച്ചംക,ണ്ടകം തുടുത്തു
അവർണ്ണമാഹിമകണമുതിർന്നുവീണു
അവനിതന്നകത്തേക്കു മറയും മുൻപേ
അടുത്തുള്ള പുൽക്കൊടിയോടടക്കമോതി,
‘നിറങ്ങളാൽ നിറഞ്ഞതീ വെളിച്ച’മെന്ന്.
നിലത്തുനിന്നവർക്കെന്തു മനസ്സിലാവാൻ?
അവർകണ്ടൂ നിറങ്ങളാ ഹിമകണത്തിൽ!

നിറംതേടി നിലത്തേക്കാണ്ടിറങ്ങിച്ചെന്നൂ
നനവുള്ളവഴി വേരാൽ പരതിനോക്കി
അവരോരോനിറം മാത്രം പുറത്തെടുത്തു
പകൽവെളിച്ചത്തിൻ മുൻപിൽ ഞെളിഞ്ഞുനിന്നൂ
‘നിറമിതല്ലയോ നിന്റെ നിറ’മെന്നാരാ-
ഞ്ഞവരോരോ മലർക്കയ്യുമുയർത്തിനിന്നൂ
മറുപടിയുമിത്തിരി നനവുമായി
വരും മഞ്ഞുകണ,മെന്ന നിനവുമായി!


Thursday, March 5, 2009

പദാർഥം

പദാർഥം

വടക്കരെന്നു തെക്കന്മാർ
വിളിക്കുന്നവരിൽച്ചിലർ
തെക്കരാണെന്നു കാണ്മൂ നാം-
നാട്ടിൻ നടുവിൽ വാഴുവോർ

തെക്കരായി വടക്കന്മാർ
കണക്കാക്കുന്നതിൽച്ചിലർ
തെക്കരല്ല, നടുക്കുള്ള
നാമേ നാമം കൊടുക്കുവോർ!

വടക്കരെന്നു തെക്കന്മാർ
തെക്കരെന്നു വടക്കരും
പറയുമ്പോൾ മുഖത്തുള്ള
ഭാവം- പുച്ഛ-മൊരേതരം!

Thursday, January 22, 2009

ഒന്നും ഒന്നും

ഒന്നും ഒന്നും

ഗണിതം പഠിച്ചുതുടങ്ങി ഞാ, നെന്തിനും

തെളിവുതേടി; കണ്ടതെന്തെന്നോ?

രണ്ടിനൊന്നേ തെളി,വൊന്നിനു ഞാൻ തെളി,-

വൊന്നിനും പൂജ്യം തെളിവല്ല!

ബൌദ്ധനോടോതിയിതാചാര്യൻ; (ലഘു-

ബുദ്ധികൾക്കുള്ളതല്ലദ്വൈതം!)

എണ്ണം പഠിച്ചിട്ടുമെത്ര പഠിച്ചിട്ടു-

മെണ്ണിയതെന്തെന്നറിഞ്ഞില്ല!

(കൈവിരലല്ല, കല്ലല്ല, കടമല്ല

കണ്മുമ്പിലുള്ളവയൊന്നുമല്ല...)

എണ്ണിയാൽ തീരാത്തതെന്തുകൊണ്ടോ?

എണ്ണിയതെന്നെയാണെന്നതാണോ?

എണ്ണിയതുണ്മയെത്തന്നെയാണോ?

എങ്കിലതൊന്നിലധികമുണ്ടോ?

ഒന്നിൽ കുറവായൊരുൺമയുണ്ടോ?

(ബുദ്ധനന്നെണ്ണം പിഴച്ചതാവാം!)

Monday, November 3, 2008

ശ്ലോകത്തില്‍ കഴിച്ച കഥ

ശ്ലോകത്തില്‍ കഴിച്ച കഥ
--------------------------
കാലിക്കോലിനുമെന്തു ഭംഗി മുരളീ-
കൃഷ്ണൻ പിടിക്കുമ്പൊഴെ-
ന്നാലോചിക്കെയകിട്ടിലപ്പടി ചുര-
ന്നത്രേ കറമ്പിക്കു പാൽ!
വാലാട്ടിപ്പിറകോട്ടു നോക്കിയവളോ
കണ്ടൂ പശുക്കുട്ടിയെ-
പ്പോലന്നാലയിൽ മുട്ടുകുത്തിയരിക-
ത്താ ബാലഗോപാലനെ!
* * * * * * * * * * *
മഥുരയിൽ ഒരു മിൽക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉണ്ടായിരുന്നു. അമ്പാടിയിലെ അതിന്റെ കളക്ഷൻ സെന്റർ നന്ദഗോപരുടെ വീട്ടിലാണ്. എല്ലാ ഗോപസ്ത്രീകളുടേയും രാവിലത്തെ പണി, പൈക്കളെ കറന്ന് അത്യാവശ്യത്തിനുള്ള പാൽ തങ്ങളുടെ വീട്ടിൽ വച്ച ശേഷം ബാക്കി നന്ദന്റെ വീട്ടിൽ എത്തിച്ചു കൊടുക്കുക എന്നതായിരുന്നു.
നന്ദന്റെ വീട്ടിലേക്കു പാൽ‌പ്പാത്രവും തലയിൽ വച്ചു പോകുന്ന ഗോപസ്ത്രീകളായിരുന്നു ഗോകുലത്തിന്റെ പ്രഭാതം.സ്വാഭാവികമായും, പ്രായത്തിനനുസരിച്ചുള്ള ചെറിയ കൂട്ടങ്ങളായാണ് അവർ പോകാറ്. അതനുസരിച്ചുള്ള വാതോരാതെയുള്ള വർത്തമാനമായിരുന്നു ഈ പോക്കുവരവിനെ ആകർഷകമാക്കിയിരുന്നത് . സത്യവും അസത്യവും അർദ്ധസത്യവും അല്പസത്യവുമൊക്കെ ഇടകലർത്തി, വഴിക്കു വിളമ്പാൻ ഇവർ നിറച്ചെടുക്കുന്ന വർത്തമാനപ്പാത്രത്തിനാണ് പാൽ‌പ്പാത്രത്തേക്കാൾ ഭാരം എന്നു തോന്നും, പറഞ്ഞൊഴിച്ചുതീർക്കാനുള്ള അവരുടെ തിടുക്കം കണ്ടാൽ.
നന്ദഗൃഹത്തിൽക്കൊടുക്കാൻ അമ്മമാർ നിറച്ചുകൊടുക്കുന്ന പാത്രത്തിലെ പാൽ കുറച്ചെടുത്തു അടച്ചു ഉറിയിൽ വെക്കുമായിരുന്നു ചിലഗോപബാലികമാർ. തങ്ങളതു ചെയ്യുന്നതു ആരുമറിയുന്നില്ല എന്നായിരുന്നു ഓരോ ഗോപികയും കരുതിയിരുന്നത്. നന്ദന്റെ വീട്ടിലെ കണ്ണൻ വന്നു ‘കട്ടു’ കുടിക്കാനായിരുന്നു അവരങ്ങനെ ചെയ്തിരുന്നത്.
കള്ളനോടുള്ള സ്നേഹം മൂത്ത് ഒരു വർത്തമാനപ്പാത്രക്കാരി ഒരുദിവസം കുറച്ചധികം പാൽ ഉറിയിലെടുത്തു വെച്ചുപോയി. പാൽ‌പ്പാത്രവും തലയിൽ വെച്ചു കൂട്ടുകാരികൾക്കൊപ്പം നടന്നുതുടങ്ങിയപ്പോൾ അവൾക്കൊരു സംശയം, തന്റെ പാത്രത്തിന്റെ ഭാരക്കുറവ് മറ്റുള്ളവർക്കു മനസ്സിലാകുന്നുണ്ടോ എന്ന്.അതു മനസ്സിലായാൽ, പാൽ കുറഞ്ഞതിനു കാരണമായി എന്തുപറയുമെന്നവൾ ആലോചിച്ചു. അവൾ പറഞ്ഞ കളവ് എന്താണെന്നോ?
വടി കണ്ടാൽ പേടിക്കുന്ന നമ്മുടെ കറമ്പിയില്ലേ?അവളുടെ അകിട്ടിലിന്നൊട്ടും പാലുണ്ടായിരുന്നില്ല.കള്ളി! മുഴുവൻ തന്റെ കുട്ടിയെ കുടിപ്പിച്ചതാണ്.എന്നിട്ടവൾ പറയുകയാണ്, ‘കാലിക്കോലാണെങ്കിലും അ,താ കണ്ണൻ പിടിക്കുമ്പോൾ കാണാനൊരു രസമുണ്ട്;രാത്രി ഞാനതങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴുണ്ട്, ആ കണ്ണൻ മുട്ടുകുത്തി, എന്റെ കിടാവിനെപ്പോലെ അകിട്ടിൽ വന്നു നിൽക്കുന്നു- അവൻ കുടിച്ചു തീർത്തു പാലൊക്കെ’ എന്ന്.
അതാണെന്റെ പാത്രത്തിൽ പാൽ കുറവ്. അല്ലാതെ....
കാലിക്കോൽ ‘നിയമ’ത്തെ ഓർമ്മിപ്പിക്കുന്നുവോ?
* * * * * * * * * * * *
ടിപ്പണി എഴുതുന്നത്, അല്ലെങ്കിലും ഇരട്ടിപ്പണിയാണല്ലോ!



Wednesday, October 15, 2008

കയ്പ്പക്കക്കൊണ്ടാട്ടം*

ഉണ്ണാനുണ്ണിക്കൊരുക്കീ രസ,മവിയൽ,പഴ-
ക്കാള,നുപ്പേരി,യോലൻ;
തിണ്ണം വന്നുണ്ണുകെന്നാ സുകൃതമതിയശോ-
ദാംബ കെഞ്ചുന്ന നേരം
“ഉണ്ടോ കൊണ്ടാട്ടമിന്നിങ്ങൊരുപിടി തരുവാൻ
കയ്പ്പകൊ”ണ്ടെന്നുരക്കും
കണ്ണാ, നീ,യാനിലയ്ക്കെൻ കവിതയുമൊരുനാൾ
തെല്ലു കൈക്കൊള്ളുകില്ലേ?
-------------------------------------------
*കൈപ്പക്കക്കൊണ്ടാട്ടം: കൈപ്പക്കക്കു പേരു മറ്റൊന്നാവാൻ വയ്യ. ജന്മസ്വഭാവം കയ്പ്പ്. വട്ടത്തിൽ നുറുക്കിവച്ചാലൊരു ഭങ്ഗിയൊക്കെയുണ്ട്. പക്ഷെ ആ കൈപ്പുരസവും വാസനയും ഓരോ വൃത്തഖണ്ഡത്തിലുമുണ്ട്. കർമ്മസാക്ഷിയുടെ അനുഗ്രഹത്താലതു കുറെയൊക്കെ പോകും, ഉണങ്ങുമ്പോൾ. ശേഷിക്കുന്നതു മറയ്ക്കാനും പുറത്തുനിന്നു മറ്റൊന്നും വരാതിരിക്കാനും കുറച്ചു ലാവണ്യം വരുത്തണം-കൃത്രിമമായി! പോര, ഇനിയതിനെ തപ്തസ്നേഹത്തിൽ മുക്കിയിടുക. കൃഷ്ണമയമാകാൻ വെമ്പുമ്പോൾ എടുത്തു വിളമ്പാം, ഇളംചൂടോടെ. സഹതാപേന ദീയതാം....

Tuesday, October 7, 2008

ധ്യാനം

ചിന്തയും വാക്കുമെൻ ചെയ്തികളും-
കൊണ്ടു ഞാൻ നെയ്തൊരിപ്പട്ടുവസ്ത്രം,
ഞാൻ തന്നെയെന്നേ മമതമൂലം
ഞാനുമെല്ലാരും നിനച്ചതുള്ളൂ...
നീരാടുവാനായിറങ്ങിയപ്പോൾ
നീയതെടുക്കുമെന്നോർത്തതില്ല
ഇത്തുകിലോടു മമത പക്ഷേ
തുച്ഛമാണച്യുതാ സത്യമോർത്താൽ
എത്ര കാലത്തേക്കു വിസ്മരിക്കും
ഹൃത്തടം തന്നിലെ മുത്തിനെ ഞാൻ?

പകലൊന്നുവേഗം കഴിഞ്ഞുകിട്ടാൻ
പണിതിരക്കിട്ടു ഞാൻ ചെയ്തിടുമ്പോൾ
പകലോന്റെ ചൂടൊരു ഭാരമായി
മുരളീധരാ ഞാൻ കരുതിയില്ല..
രാവിലാരാവമടങ്ങി ഗോപ-
വാടങ്ങളൊക്കെയുറങ്ങീടുമ്പോൾ,
കര വീർപ്പുമുട്ടിച്ചു കാളിന്ദിയും
കരൾ തുടുത്തിക്കുടിക്കുള്ളിൽ ഞാനും
നിന്റെ കാലൊച്ചക്കു കാത്തിരിക്കേ
ചന്ദ്രിക നെഞ്ചിലെത്തീവളർക്കേ
വ്യർഥനിമിഷങ്ങൾ നീ വരാതെ
ബാഷ്പമായ് മണ്ണിൽവീണാണ്ടുപോകെ,
കണ്ണാ കറുത്തൊരീ ലോകമൊന്നി-
ച്ചെന്നെ വെടിഞ്ഞെന്നെനിക്കു തോന്നി..
* * * *
കോരിത്തരിച്ചുപോയ് കാറ്റിനൊപ്പം
ഓടക്കുഴൽ വിളിയെത്തിയപ്പോൾ
ആ മുരളീരവം കൂരിരുളിൽ
കോമളരൂപ വെളിച്ചമായി,
പിന്നെപ്പവിഴാധരങ്ങളായി
നിൻ വിരൽത്തുമ്പിലെത്താളമായി
പൊൻ കവിളായ് കുണ്ഡലങ്ങളായി
നിൻ കടക്കണ്ണിൻ കുസൃതിയായി
ഗോപിയായ് പീലിത്തിരുമുടിയായ്, വന-
മാലയായെന്നടുത്തെത്തുകയായ്...
നമ്മൾക്കിടക്കീ‍യഹംകൃതിയാൽ
നെയ്തുടുത്തോരാടമാത്രമായി..
ഇത്തുകിലോടു മമത പക്ഷേ
തുച്ഛമാണച്യുതാ സത്യമോർത്താ‍ൽ
എത്ര നിമിഷം മറച്ചുവെക്കും
ഹൃത്തടംതന്നിലെ മുത്തിനിഞാൻ!

(പത്തുപതിനഞ്ചുകൊല്ലം മുമ്പെഴുതിയ കവിതയാണ്. ഭഗവദ്ഗീതാപ്രഭാഷണം നടത്തുന്ന ശ്രീ.സന്ദീപ് ചൈതന്യ പറഞ്ഞതായി ചില കാര്യങ്ങൾ പത്രത്തിൽ കണ്ടപ്പോൾ ഇതോർമ്മ വന്നു)

Sunday, August 3, 2008

വൈശ്വാനരവിദ്യ

വിളമ്പുകാരോരോരുത്തർ വരിയായി വന്നൂ;
വിഭവങ്ങൾ വഴിപോലെ വിളമ്പിയും തന്നൂ;
നാക്കു നീട്ടിയിരുന്നതീയിലയാണെന്നാലും
നോക്കിനോക്കിക്കഴിച്ചതാ,രതു വൈശ്വാനരനോ?

വാട്ടിയതാണില; വെള്ളംവീഴ്ത്തി ശുദ്ധമാക്കി;
കീറലില്ല പോറലില്ല നോക്കിബോദ്ധ്യമാക്കി;
ഊണിനാണീയില, നേരമേറെ ലാളിക്കേണ്ട-
ഞാനെണീറ്റു കഴിഞ്ഞാലീയിലതൊട്ടാലശുദ്ധം!

ഖാദ്യ,ചോഷ്യ,ലേഹ്യ,പേയ,ഭോജ്യമെല്ലാം ചേരും
സദ്യതന്ന ഭൂപതിക്കു സദ്യശസ്സേ ചേരൂ!
ഭിന്നമാണു രുചി ലോകർക്കെന്നതിത്ര നന്നായ്
അന്നപൂർണ്ണേശ്വരിയോളമാരറിഞ്ഞൂ മന്നിൽ!
****************************************************
(അഹം വൈശ്വാനരോ ഭൂത്വാ
പ്രാണിനാം ദേഹമാശ്രിത:
പ്രാണാപാനസമായുക്ത:
പചാമ്യന്നം ചതുർവ്വിധം- എന്നു ഭഗവദ്ഗീത)
ഖാദ്യം,ചോഷ്യം,ലേഹ്യം,പേയം എന്നിങ്ങനെഭോജ്യവസ്തുക്കൾ നാലുതരം.