Tuesday, October 26, 2010

അന്ത്യേഷ്ടി

കൂടെയിരുന്നു പരിപ്പുവടയും തിന്നിരുന്നു...

കള്ളു കുടിക്കാന്‍ വേണ്ടി കവിത കൊറിച്ചവര്‍
കവിത കുറിക്കാന്‍ കള്ളു കുടിച്ച "അഹിയപ്പന്‍"
ഇഴഞ്ഞകന്നത് അറിഞ്ഞതേയില്ല
ആശാന്‍, പ്രൈസടിക്കാന്‍ പോയതാവു മെന്നാണത്രേ അവര്‍
പരസ്പരം അഭിവദിച്ചത്‌!

സംസ്കാരമെന്നാല്‍ അവര്‍ക്ക് ശവസംസ്കാരം-
ശിവനെ ആ വകുപ്പുകാര്‍ അറിയില്ലല്ലോ!

അന്ധവി ശ്വാസങ്ങളെ മാളങ്ങളില്‍നിന്ന് വലിച്ചെടുത്തു തച്ചുകൊന്നവര്‍
കവിയുടെ ശവസംസ്കാരത്തിന്
മുഹൂര്‍ത്തം ഗണിക്കാന്‍ പാടുപെട്ടത്‌ കണ്ടു
കവിപ്പേരുളള പഴയ പണിക്കര്‍*
ചിരിച്ചതാണ് ആ കേട്ടത്...

മുഹൂര്‍ത്തപ്രായശ്ചിത്തവും
ആചാരവെടിയും
ഉണ്ടത്രേ.
--------------------------------
* "കിളി ചത്താല്‍ കാവ്യം വരുമോ
കവി ചത്താല്‍ കണ്ണീര്‍ വരുമോ " എന്നെഴുതി അയ്യപ്പപ്പണിക്കര്‍

Tuesday, July 13, 2010

സ്വാമിയേ.................യ്

സ്വാമിയേ.................യ്

ഇന്ദ്രിയങ്ങള്‍ ചുമക്കുന്ന മഞ്ചലില്‍
സഞ്ചരിച്ചു ശീലിച്ചൊരെന് ബോധത്തെ
രണ്ടുകാലില്‍ നടക്കുമാറാക്കി നിന്‍
സന്നിധാനത്തിലെത്തിക്കവേണമേ!

ഇന്ദ്രിയങ്ങള്‍ ചുമട്ടുകാരെങ്കിലും
ഇന്ദ്രനീഞാന്‍ സ്വതന്ത്രനാണെങ്കിലും
രണ്ടുകാലും- വിവേകവൈരാഗ്യങ്ങള്‍-
മണ്ണിലൂന്നി നടപ്പതെക്കാളുമേ
തണ്ടു, പല്ലക്കിലേറുന്നതാണെന്നു
പണ്ടുതൊട്ടേ ധരിച്ചുപോയ്, വിഡ്ഢി ഞാന്‍!

ശീലമായീ സുഖങ്ങള്‍; ചുമടിന്റെ
കൂലിനല്കി മടിശ്ശീല കാലിയായ്
കാലിനോ ബലം നന്നെക്കുറഞ്ഞുപോയ്
മേലുകീഴു മറന്നൂ ചുമട്ടുകാര്‍!

ഇന്ദ്രനാകാന്‍ കൊതിയില്ലെനിക്കിനി;
ചന്ദ്രലോകവും* ചിന്തയിലില്ല മേ
കെട്ടുമേറ്റി,പ്പടി പതിനെട്ടുമീ-
മുട്ടുകുത്തിയിട്ടായാലുമേറണം -
അത്രമാത്രം- ബലമതിന്നാനന്ദ-
ചിത്ത,നയ്യപ്പ സ്വാമിയേ കാമയേ** !

*******************************

* മരണാനന്തരം ജീവന്‍ ചന്ദ്രലോകത്തിലെത്തിടും
വിണ്ടും ദേഹമെടുക്കും മു-മ്പെന്നു മീമാംസകം മതം
** ആശിക്കുന്നു...
"നത്വഹം കാമയേ രാജ്യം ന സ്വര്‍ഗ്ഗം നാപുനര്‍ഭവം
കാമയേ ദു:ഖതപ്താനാം പ്രാണീനാമാര്ത്തിനാ‍ശനം" എന്ന് പ്രാര്ഥീച്ചത്
രന്തിദേവനല്ലേ?

Wednesday, May 26, 2010

തുരീയം

തുരീയം
തണുത്ത കയ്യെന്‍തലയി-
ലാരോ വക്കുന്നതെന്തിനോ
തടഞ്ഞൂ തുളസിപ്പൂവു
തലയില്‍തൊട്ടുനോക്കവേ. 1

പിതൃക്കള്‍, ഋഷിമാര്‍, മന്ത്ര-
ദ്രഷ്ടാവാം വാമദേവനോ
സ്മൃതിയെ തൊട്ടുയര്‍ത്താനെന്‍
മൂര്‍ധ്നി കൈവച്ചതായിടാം! 2

ഛന്ദസ്സിന്‍ താ‍ളമെന്‍ പ്രാണാ-
വേഗമായ്, കാലമാനമായ്
ഭൂതപങ്തി നടത്തുന്ന
നടനം തന്നെയാകവേ, 3

ഹൃദാകാശത്തില്‍ നിറയും
ചിദാകാശമഹാദ്യുതി
സദാശിവത്വം ശ്രീരുദ്ര-
രൂപമായ് ദീപ്തമാക്കവേ, 4

എരിഞ്ഞടങ്ങീയുടലിന്‍
കാരണം, കര്‍മ്മവാസന;
ശിവാത്മകസ്വരൂപത്തില്‍
പൂശട്ടേ ഭസിതം സിതം.. 5

സംസാരദേഹസ്മൃതിയെ-
ച്ചവിട്ടിത്താഴ്ത്തുമൂക്കിനാല്‍
ഊര്‍ദ്ധ്വഭൂമികയേറ്റുന്നൂ
ബോധത്തെയിതരം പദം 6

ഫാലാഗ്നിയില്‍ദ്ദഹിക്കുന്നൂ
സ്മരാവാസകളേബരം
കാലക്കയറുപൊട്ടുന്ന
താളമേ താണ്ഡവം ശിവം! 7

അനാദി ഞാന്‍; അനന്തം ഞാന്‍
അവ്യയം ഞാന്‍ ശിവാത്മകം
നമശ്ശിവായ ഓം തത് സത്.
(നമോ നാരായണായ ച) 8

------------------------------------------------------------------------

തുരീയം= നാലാമത്തെ
ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളേ സാധാരണക്കാരന്റെ ബോധത്തിനു പ്രാപ്യമായുള്ളൂ. നാലാമത്തെ അവസ്ഥയിലേക്കു കയറണമെങ്കില്‍ സൂക്ഷ്മശരീരത്തെ അതിന്നുവേണ്ടതരത്തില്‍ ഒരുക്കേണ്ടതുണ്ട്…അല്ലെങ്കില്‍ തുരീയാവസ്ഥയിലേക്കുള്ള കാല്‍ വെപ്പ് വ്യഷ്ടിബോധത്തിന്റെ ലയമെന്നതിനുപരി ശരീരത്തിന്റെ ക്ഷയമായേ അനുഭവപ്പെടൂ. അതു ബോധ്യമായാല്‍, മരണത്തെ തുരീയാവസ്ഥ അനുഭവിക്കാനുള്ള ഒരവസരമാക്കാമെന്ന് തോന്നുന്നു…അതാണിത്….
1.ശ്രദ്ധ തികച്ചുമുണ്ടെങ്കില്‍ മരണം വരുമ്പോള്‍ അറിയാം…തലക്കു തണുപ്പനുഭവപ്പെടും…(സംശയമുണ്ടോ?)..തൊട്ടുനോക്കിയാല്‍ തുളസിപ്പൂവു കയ്യില്‍ തടയാം….മൂര്‍ദ്ധാവില്‍ കൈ വക്കുമ്പോള്‍ ഋഷിയെ ഓര്‍മ്മ വരാം…മന്ത്രോപദേശം ചെയ്തു തന്ന ഗുരുസ്ഥാനീയരായ പിതൃക്കളെ…അവര്‍ തലയില്‍ കൈവച്ചു ഓര്‍മ്മിപ്പിക്കുന്നതാവാം-….വാമദേവ ഋഷി:, പങ്തിച്ഛന്ദ; സദാശിവോ രുദ്രോ ദേവതാ – പഞ്ചാക്ഷരം – പഞ്ചഭൂതാത്മകമായ ക്ഷരശരീരത്തിലിരിക്കുന്ന പ്രാണന്റെ അക്ഷരബ്രഹ്മവുമായുള്ള ബന്ധം പ്രകാശിപ്പിക്കുന്ന മന്ത്രം-
ഛന്ദസ്സിന്റെ താളം പ്രാണന്‍ മനസ്സിലാക്കുന്നു. ശരീരത്തിന്റെ നിലനില്‍പ്പിന്റെ കാലക്കണക്കും ഭൂതസങ്ഘാതത്തിന്റെ നടനതാളവും അതുതന്നെ എന്നു കേട്ടാലറിയാം…ചിദംബരനടന്റെ സദാശിവരുദ്രന്റെ രൂപം തെളിയുമപ്പോള്‍…
കര്‍മ്മവാസനയാണല്ലോ ദേഹകാരണം.അതെരിഞ്ഞാലാ ചാരം ദേഹത്തുപുരട്ടാനുള്ളതാണു…. ബന്ധങ്ങളില്ലാതാക്കുന്ന വാസനാനാശം…
സംസാരത്തിലിടപെടാനുള്ള ശരീരവുമായി ബോധത്തെ ബന്ധിപ്പിക്കുന്നതു താണനിലയിലുള്ള സ്മൃതിയാണ്…ആ അപസ്മൃതിയെ ചവിട്ടിത്താഴ്ത്തിക്കൊണ്ടുവേണം ബോധത്തിനു ഉയര്‍ന്ന ഭൂമികകളിലേക്കു കയറാന്‍….
കാമശരീരംകൂടി കത്തിത്തീരുമ്പോള്‍ അതുവരെ താണ്ഡവനൃത്തത്തിനു പോലും താളമായ കാലബന്ധമറ്റുപോകുന്നു….
ആദിയില്ലാത്ത അന്തമില്ലാത്ത നാശമില്ലാത്ത ശിവനാണു ഞാനെന്നറിയുന്നു…ഓം തത് സത്.
ശരീരത്തിലിരിക്കെ ഇങ്ങനെ വിചാരിച്ചതില്‍ തെറ്റുണ്ടോ……എന്നാല്‍…സാധ്യനാരായണര്‍ഷി:

Thursday, April 15, 2010

വിഷുക്കണികെ എന്‍ ദുര്‍ഗ്ഗാദത്തന്റെ ഒരു ശ്ലോകമുണ്ട്
“കഴിഞ്ഞേ പോകുന്നൂ പകലുമിരവും, ജര്‍ജ്ജരിതമായ്;
കൊഴിഞ്ഞേ പോകുന്നൂ നിറമുടയൊരെന്‍ പീലികള്‍ വൃഥാ
ഒഴിഞ്ഞേ കാണുന്നൂ ദിനമനു, നഭ,സ്സീ മയിലിനൊ-
ന്നഴിഞ്ഞാടാനെന്താണൊരുവഴി? വരൂ നീലമുകിലേ!”
ഇതിലെ ആ‍ ‘നീലമുകിലേ’ എന്ന സംബോധന കോരിത്തരിപ്പിക്കും….അജിതാഹരേ (കുചേലവൃത്തം) എന്ന കഥകളിപ്പദത്തിലെ ‘നീലനീരദവര്‍ണ്ണാ…..’ എന്ന വിളി പോലെ.
മേടച്ചൂടില്‍ ഒക്കെ വരണ്ടു. സൂര്യനെതിരെ പൊക്കിനിര്‍ത്തി തണല്‍ സൃഷ്ടിച്ചിരുന്ന ഇലകളൊക്കെ- അഹങ്കാരത്തിന്റെ ആവരണങ്ങളൊക്കെ മമതാബന്ധംവിട്ടു വാടിക്കരിഞ്ഞുപോയി….എന്താണു മഴ വരാത്തതെന്ന് ഒന്നാലോചിച്ചതേയുള്ളൂ…കാരുണ്യവര്‍ഷവുമായെത്തുന്ന ആ ശ്യാമമേഘത്തെ ഓര്‍ത്തപ്പോഴേക്കും മേലൊക്കെ പുളകപ്പുതപ്പണിഞ്ഞു….അതു പൂവായി വിടര്‍ന്നപ്പോഴെക്കും കണ്ണനതിനു തന്റെ പട്ടിന്റെ നിറം നല്‍കിയിരുന്നു….അഹങ്കാരം വെടിഞ്ഞവര്‍ക്കു കണ്ണന്‍ കൊടുക്കുന്നത് പൊന്നാട!!
ഇതാണോര്‍മ്മവന്നതു, പൂമ്പട്ടുപുതച്ചു നിലക്കുന്ന ഈ കണിക്കൊന്ന കണ്ടപ്പോള്‍.
ഒരു ശ്ലോകം:
വെന്താലെന്തടിവേരു മണ്ണുരുകുമീവെയ് ല,ത്തുണങ്ങിക്കരി-
ഞ്ഞെന്റേതെന്നതൊഴിഞ്ഞഹംകൃതിയിലച്ചാര്‍ത്തൊക്കെ മണ്ണാകിലും;
സന്താപം ക്ഷണമാത്രയില്‍ പുളകമായ്, വര്‍ഷാഗമം വൈകുവാ-
നെന്താണെന്നൊരു ചിന്ത- കണ്ണനരുളീ കൊന്നക്കു പൊന്നാടയും!

വിഷുക്കണി കണ്ണനാവരുതെന്നു നിര്‍ബന്ധമില്ലാത്തവര്‍ക്കു സമര്‍പ്പിക്കുന്നു, ഈ ചിന്ത,- ചിത്രവും ശ്ലോകവും.

Monday, March 8, 2010

പീലിക്കുട്ടി

താളം ചേർക്കാതെ ഞാൻ പണ്ടെഴുതിയ കവിതയ്ക്കൊത്തു ഹൃത്പുസ്തകത്തിൻ
താളിൽ സ്സൂക്ഷിച്ചുവെച്ചൂ ചെറിയൊരിഴ മയിൽ‌പ്പീലി,കാണാതെയാരും
നാളേറെപ്പോ; യൊരീണത്തിനു ചുവടുപിടിച്ചെത്തവേ, കണ്ടു ഞാന-
ത്താളിൽ‌പ്പൊൻ പീലിചൂടും തിരുമുടി, മുരളിയ്ക്കുമ്മവെയ്ക്കും മുഖാബ്ജം!

Wednesday, February 17, 2010

അമ്മ പറഞ്ഞ കഥ‏

പണ്ടുപണ്ട്, ഒരു ദിക്കിൽ ഒരമ്മയും ഒരു മിടുക്കനും താമസിച്ചിരുന്നു .ആ മിടുക്കനെ കുറച്ചു വലുതായപ്പോൾ അമ്മ സ്കൂളിൽ ചേർത്തു. അന്നൊക്കെ സ്കൂൾ എന്നു പറഞ്ഞാൽ നിങ്ങളുടെ സ്കൂളുപോലെയല്ല. സ്കൂളെന്നു പറഞ്ഞാൽ പഠിപ്പിക്കുന്ന സാറിന്റെ/മാഷ്ന്റെ വീടു തന്നെ. അതിനു പാഠശാല, ശാല എന്നു പറയും. ചില കുട്ടികൾ അവിടെത്തന്നെ താമസിക്കും. അടുത്താണു വീടെങ്കിൽ ചില കുട്ടികൾ സ്വന്തം വീട്ടിൽ താമസിച്ചു എന്നും രാവിലെ ശാലയിലേക്കു നടന്നു പോകും, വൈകുന്നേരം ശാല വിട്ടൽ വീട്ടിലേക്കു നടന്നു വരും.
ഈ മിടുക്കന്റെ വീട്ടിൽനിന്നു കുറേ ദൂരമുണ്ട് ശാലയിലേക്കു. മാത്രമല്ല ചെറിയ ഒരു കാടു കടന്നു പോവുകയും വേണം.എന്നാലും ഗുരുവിന്റെ (പണ്ടൊക്കെ പഠിപ്പിക്കുന്നവരെ ഗുരു എന്നാണു വിളിക്കുക, ഗുരു അല്ലെങ്കിൽ ഗുരുനാഥൻ) വീട്ടിൽ താമസിച്ചു പഠിക്കാൻ മിടുക്കനു തോന്നിയില്ല. എന്താ കാരണം? മിടുക്കൻ വന്നില്ലെങ്കിൽ രാത്രി അമ്മ ഒറ്റക്കാവില്ലെ? അപ്പോളമ്മക്കു പേടിയായാലോ? രാത്രി ഒറ്റക്കിരിക്കാൻ എത്ര പേടിയുണ്ടെന്നു മിടുക്കനറിയാം.
എന്നാലും കാടു കടന്നു പോകേണ്ടെ?
ഒന്നാമത്തെ ദിവസം അമ്മ കൂടെ വന്നു. അന്നു അമ്മ ജോലിക്കു പോയില്ല. എന്നും അമ്മക്കു ജോലിക്കു പോകാതിരിക്കാൻ പറ്റുമോ? ജോലിക്കു പോയാലെ കഞ്ഞി വെക്കാൻ അമ്മക്ക് അരികിട്ടൂ.
മിടുക്കനു കാട്ടിൽക്കൂടി ഒറ്റക്കു പോകാൻപേടിയുണ്ടെന്നു അമ്മക്കു മനസ്സിലായി. അപ്പോൾ അമ്മ ഒരു വിദ്യപറഞ്ഞുകൊടുത്തു. കാട്ടിലുണ്ട് ഒരേട്ടൻ.കണ്ണേട്ടൻ. പേടി തോന്നിയാൽ ആ കണ്ണേട്ടനെ വിളിച്ചാൽ മതി. ഓടിവരും.
അതുകേട്ടപ്പോൾ മിടുക്കനു സമാധാനമായി.
പിറ്റെന്നു അമ്മ കാടോളം കൂടെ ചെന്നു. മിടുക്കൻ ഒറ്റക്കു മുന്നോട്ടു നടന്നു. കുറച്ചു നടന്നു തിരിഞ്ഞു നോക്കിയപ്പോൾ അമ്മയുണ്ട് കയ്യുയർത്തി നിൽക്കുന്നു…മിടുക്കനു ധൈര്യമായി…അമ്മ പൊക്കോളൂ…അവൻ വിളിച്ചുപറഞ്ഞു.
കുറച്ചു ദൂരംകൂടി നടന്നു വളവു തിരിഞ്ഞതു അവനറിഞ്ഞില്ല.തിരിഞ്ഞു നോക്കിയപ്പോൾ അമ്മയെ കാണാനില്ല. പേടി തോന്നി…കണ്ണടച്ചു ഉടനെ വിളിച്ചു “കണ്ണേട്ടാ”…വിളിച്ചുവോ, വിളിക്കാൻ പുറപ്പെട്ടുവൊ എന്നറിയില്ല, അത്ര പെട്ടെന്നു കണ്ണേട്ടൻ വന്നു കഴിഞ്ഞു…തോളിൽ കൈവെച്ചു “ഞാനില്ലേ ഇവിടെ” എന്നു എന്നു കേട്ടപ്പോഴെ കൺതുറന്നുള്ളൂ. പിന്നെ കാടു നടന്നു തീരുന്ന വരെയും കണ്ണേട്ടൻ കൂടെ ഉണ്ടായിരുന്നു…ഒറ്റക്കു നടന്ന് പേടിയും സങ്കടവും വരുന്ന കുട്ടികൾ വിളിക്കുമ്പോൾ കൂടെ പോകലാണത്രെ കണ്ണേട്ടന്റെ പണി. അല്ലാത്ത സമയം കാലിമേക്കലും.കാലികളൊക്കെ പുല്ലുതിന്നാൻ പോയാൽ കണ്ണേട്ടൻ മരത്തണലിലിരുന്ന് ഓടക്കുഴൽ വായിക്കും.
കാടുകടക്കുവോളം കണ്ണേട്ടൻ കൂടെത്തന്നെ വന്നു.
അതിർത്തിയെത്തിയപ്പോൾ “ഇനി മിടുക്കൻ പൊക്കോളു, വൈകുന്നേരം കാണാം“ എന്നു പറഞ്ഞാണു കണ്ണേട്ടൻ പോയതു.
ശാലയിലെത്തിയപ്പോൾ ശാലയിലമ്മ, ഗുരുവിന്റെ വീട്ടിലെ അമ്മ,-അവരാണു നടന്നു വരുന്ന കുട്ടികൾക്കു വെള്ളം കുടിക്കാൻ കൊടുക്കുന്നതും, ചെറിയ കുട്ടികൾക്കു കൈകാൽ കഴുകാൻ വെള്ളമൊഴിച്ചു കൊടുക്കുന്നതുമൊക്കെ.- ചോദിച്ചു ‘മിടുക്കന്റെ അമ്മ വന്നില്ലേ കൂടെ ’എന്നു. ‘കാടു കടത്തിവിടാൻ അമ്മ കണ്ണേട്ടനോട് പറഞ്ഞെൽ‌പ്പിച്ചിരുന്നു’ എന്നു പറഞ്ഞ് മിടുക്കൻ കൂട്ടുകാരുടെ കൂടെ ചെന്നിരുന്നു.
വൈകുന്നേരം ശാലവിട്ട് പോകുമ്പോഴും ശാലയിലെ അമ്മ ചോദിച്ചു, മിടുക്കനൊറ്റക്കു പോകുമോ എന്നു…കണ്ണേട്ടനുണ്ട് കാടുകടത്താനെന്നു മിടുക്കൻപറഞ്ഞു.
അതിർത്തികടന്നു കാട്ടിൽക്കയറിയപ്പോളേക്കും വന്നു കണ്ണേട്ടൻ. അന്നു ശാലയിലുണ്ടായ കാര്യങ്ങൾ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. കണ്ണേട്ടൻ കൂടി സ്കൂളിൽ വന്നാൽ നന്നായിരുന്നു എന്നു മിടുക്കനു തോന്നി. വരുമോ എന്നു ചോദിക്കുകയും ചെയ്തു…വലിയ കുട്ടികളുടെ ക്ലാസിലാണല്ലൊ ഇരിക്കേണ്ടി വരിക എന്നാലോചിച്ചു വിഷമം തോന്നി. പക്ഷെ കണ്ണേട്ടനു കാലികളെ വിട്ടു വരാൻ വയ്യത്രെ.
കാടിന്റെ ഒടുക്കത്തെ വളവു കഴിഞ്ഞപ്പോൾ “ഇനി നാളെ കാണാ”മെന്നു പറഞ്ഞു കണ്ണേട്ടൻ പോയി. വളവു തിരിഞ്ഞപ്പോളെക്കും ദൂരെനിന്നു തന്നെ അമ്മയെ കണ്ടു. ഓടാന്തുടങ്ങിയപ്പോൾ നടന്നാൽ മതി എന്നമ്മ വിളിച്ചുപറഞ്ഞു. അടുത്തെത്തിയ ഉടനെ അമ്മ എടുത്തു കെട്ടിപ്പിടിച്ചു ഉമ്മവെച്ചു. സ്കൂളിൽ പോയിത്തുടങ്ങിയാൽ എടുക്കില്ലെന്നു അമ്മ പറഞ്ഞതു അമ്മ തന്നെ മറന്നതിൽ സന്തോഷം തോന്നി. പക്ഷേ എടുത്തു രണ്ടറ്റി നടന്നപ്പോഴേക്കും അമ്മക്കു വയ്യ എന്നു കണ്ട് മിടുക്കൻ നിലത്തിറങ്ങി.വിശക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോഴാണ് ഉച്ചക്ക് ശാലയിലമ്മ കഞ്ഞി വിളമ്പിത്തന്നതും പ്ലാവില കോട്ടി കഞ്ഞികുടിച്ചതുമൊക്കെ ഓർമ്മ വന്നതു. വയറുനിറച്ചു കഴിച്ചു എന്നു പറഞ്ഞപ്പോൾ അമ്മക്കു സന്തോഷമായി. കാടു കടക്കാൻ പേടിയായോ എന്നമ്മ ചോദിച്ചപ്പോൾ, പേടിതോന്നി എന്നു പറയാൻ ജാള്യത തോന്നി.അമ്മ കണ്ണേട്ടനെ വിളിച്ചോളാൻ പറഞ്ഞതുകൊണ്ട് കാടുകടക്കാനും പേടിയായില്ല എന്നു പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല.
അങ്ങനെ എന്നും മിടുക്കൻ കണ്ണേട്ടന്റെ കൂടെ കാടുകടന്നു ശാലയീൽ‌പ്പോയി. ഒരു ദിവസം ശാലയിലമ്മ പറഞ്ഞു അടുത്ത ആഴ്ച ഗുരുനാഥന്റെ പിറന്നാളാണു, എല്ലാവരും വീട്ടിൽനിന്നു സദ്യയുണ്ടാക്കാൻ എന്തെങ്കിലും കൊണ്ടുവരണമെന്ന്. എന്താണു കൊണ്ട് വരേണ്ടതെന്നു ചോദിച്ചപ്പോൾ ‘അമ്മ തരുന്നതെന്തോ അതു കൊണ്ടുവരാ’നാണു ശാലയിലമ്മ പറഞ്ഞതു. മിടുക്കനാണെങ്കിൽ ഒന്നും മനസ്സിലായില്ല. അമ്മയോടു പറഞ്ഞു. അമ്മ പറഞ്ഞു, ‘നമ്മൾ സാധുക്കളല്ലേ, നമ്മളെന്തു കൊടുക്കാനാണ് എന്ന്.
മിടുക്കൻ ശാലയിലമ്മയോട് അമ്മ പറഞ്ഞതു പറഞ്ഞു. ‘അമ്മയെന്താണു നിന്നെക്കൊണ്ട് വരാൻ ഇവിടെ വരാത്തത്, അമ്മയോടു വരാൻപറയു എന്നു ശാലയിലമ്മ പറഞ്ഞു. ശാലയിലമ്മയോട് മിടുക്കൻ പറഞ്ഞു, അമ്മക്കെന്നും പണിക്കു പോണം…അതുകൊണ്ട് കണ്ണേട്ടനാണു തന്നെ ശാലയിൽക്കൊണ്ടുവരാറ് എന്നു.
‘എന്നാൽ കണ്ണേട്ടനോടു പറയു ഇവിടെ വരാൻ” എന്നു ശാലയിലമ്മ.
‘കണ്ണേട്ടനും പണിയുണ്ടല്ലോ’ എന്നു മിടുക്കൻ.
‘എന്താണു പണി?’
‘കാലിമേക്കൽ, അറിയില്ലേ’ എന്നു മിടുക്കൻ പറഞ്ഞപ്പോൾ, ‘എന്നാലൊരുകുപ്പി നെയ്യു കൊണ്ടുവരു’ എന്നു ശാലയിലമ്മ പറഞ്ഞു.
അന്നു വൈകുന്നേരം മിടുക്കൻ കണ്ണേട്ടനോടു വിവരമൊക്കെ പറഞ്ഞു. പിറന്നാൾ ദിവസം വരുമ്പോൾ മിടുക്കനൊരു കുപ്പി കൊണ്ടുവരു, കണ്ണേട്ടൻ നെയ്യു തരാമെന്ന് പറഞ്ഞു കണ്ണേട്ടൻ മിടുക്കനെ സമാധാനിപ്പിച്ചു.
മിടുക്കനാണെങ്കിൽ അമ്മയോട് പിന്നെയൊന്നും ചോദിച്ചില്ല. ആദ്യദിവസം പിറന്നാൾക്കാര്യം പറഞ്ഞപ്പോൾ അമ്മയുടെ കണ്ണു നിറഞ്ഞതു അവൻ കണ്ടിരുന്നു. അമ്മയ്ക്കു സങ്കടം വന്നതു എന്തുകൊണ്ടാണെന്നു മനസ്സിലായില്ലെങ്കിലും ഇനി അതിനെപ്പറ്റി പറഞ്ഞ് അമ്മയെ വിഷമിപ്പിക്കേണ്ടെന്നു മിടുക്കനും കരുതി.
പക്ഷെ വീടാകെ പരതിനോക്കിയിട്ടൂം അവനൊരു കുപ്പി കണ്ടെത്താൻ കഴിഞ്ഞില്ല.തിരഞ്ഞു തിരഞ്ഞു ഒടുക്കം ഇഞ്ജെക്ഷ്ന്റെ മരുന്നു കൊണ്ടുവന്ന ഒരു പഴയ കുപ്പി കണ്ടെത്തി. അതു നന്നായി കഴുകി മിടുക്കൻ കീശയിലിട്ടു കൊണ്ടുപോയി. കണ്ണേട്ടനാകട്ടെ ആ കുപ്പി നിറച്ചും നെയ്യു കൊടുക്കുകയും ചെയ്തു. മിടുക്കൻ സന്തോഷത്തോടെ ശാലയിലേക്കു അതു കൊണ്ടുപോകുകയും ചെയ്തു.
ശാലയിലെത്തി ഓരോരുത്തരും കൊണ്ടുവന്ന സാധനങ്ങൾ നിരത്തിവെച്ചതുകണ്ടപ്പോൾ , താൻ മാത്രമേ നെയ്യുകൊണ്ടു വന്നിട്ടുള്ളുവല്ലോ, മറ്റെല്ലാവരും അരി, പയറ്, പച്ചക്കറികൾ തുടങ്ങി വലിയ സഞ്ചിയിലാണല്ലോ സാധനം കൊണ്ടു വന്നതു എന്നത് അദ്ഭുതവും കുറച്ചൊരു വിഷമവുമുണ്ടാക്കി. ശാലയിലമ്മ പറഞ്ഞതാണല്ലോ ഒരു കുപ്പിനെയ്യു കൊണ്ടുവരാൻ എന്നും, കണ്ണേട്ടൻ തന്ന നെയ്യാണല്ലോ എന്നും ആലോചിച്ചു അവൻ സമാധാനിച്ചു.കുറ്ച്ചു കഴിഞ്ഞ് ഇതാണോ നീ കൊണ്ടുവന്നതു എന്നു ചോദിച്ചു എല്ലാവരുംചിരിക്കാൻ തുടങ്ങി.
പിന്നെപ്പിന്നെ,പിറന്നാളിനു വന്നവരും കൂട്ടുകാരും ശാലയിലമ്മ പോലും ഇതാണോ പൂച്ചക്കു കൊടുക്കാൻ നീ കൊണ്ടുവന്ന നെയ്യു എന്നു ചോദിച്ചു പരിഹസിച്ചപ്പോൾ അവനു സങ്കടം സഹിക്കവയ്യാതായി. ആരുമറിയാതെ അവൻ ശാലയിൽനിന്നിറങ്ങി.
അതിർത്തിയിലെത്തി ദൂരെനിന്നു കണ്ണേട്ടനെ കണ്ടതും മിടുക്കൻ പൊട്ടിക്കരഞ്ഞു. ഏങ്ങലടിച്ച് അവനു എന്താണുണ്ടായതെന്നു പറയാൻപോലും കഴിഞ്ഞില്ല. പറയാൻ പുറപ്പെടുമ്പോഴേക്കും ശാലയിലുണ്ടായ കാര്യങ്ങൾ ആലോചിച്ച് അവനു സങ്കടം കൂടിയതേയുള്ളു.
കണ്ണേട്ടൻ പിന്നെയൊന്നും ചോദിച്ചില്ല. കൈപിടിച്ച് വീട്ടിലേക്കുള്ള വഴിയിൽനിന്നു മാറി,അരുവിക്കരയിൽ കൊണ്ടുപോയി മുഖം കഴുകിച്ചു. മരത്തണലിലിരുന്നു. കുറേ മധുരമുള്ള മാമ്പഴം തന്നു.നല്ലവിശപ്പുണ്ടായിരുന്നതുകൊണ്ട് രണ്ടുമൂന്നെണ്ണം വേഗം കഴിച്ചു. പിന്നെയാണു കണ്ണേട്ടൻ ഓടക്കുഴൽ വിളിക്കുന്നതു ശ്രദ്ധിച്ചത്. അതും കേട്ട് കിടന്നു മിടുക്കൻ പതുക്കെ മയങ്ങിപ്പോയി.
അപ്പോൾ ശാലയിലെന്തുണ്ടായെന്നോ? ഉച്ചയായി, എല്ലാവരും ഉണ്ണാനിരുന്നു. നെയ്യു വിളമ്പാറായപ്പോഴാ‍ണ്, ആരോ, നെയ്യു കൊണ്ടുവന്ന മിടുക്കനെവിടെ എന്ന് ചോദിച്ചത്. എവിടെ മിടുക്കൻ എന്നു എല്ലാവരും ചോദിച്ചതല്ലാതെ ആർക്കും പറയാൻ സാധിച്ചില്ല അവനെവിടെയെന്ന്. അപ്പോഴാണ് ഗുരുനാഥന് അതു ശ്രദ്ധിച്ചത്. അവനെ പരിഹസിക്കാതിരുന്ന ചിലർ പറഞ്ഞു എല്ലാവരും കളിയാക്കിയതുകൊണ്ട് സങ്കടപ്പെട്ട് അവൻ വീട്ടിലേക്കു പോയതായിരിക്കുമെന്നു.അതു കേട്ടപ്പോൾ ഗുരുനാഥന്റെ ഭാവം മാറി. മിടുക്കനെ കൂട്ടിക്കൊണ്ടു വന്നിട്ടുമതി ഊൺ തുടങ്ങനെന്നു അദ്ദേഹം ശഠിച്ചു. “അവൻ കൊണ്ടുവന്ന നെയ്യെവിടെ?” ഗുരുനാഥൻ ചോദിച്ചു.പരിഹസിച്ചു ചിരിച്ചവർ അങ്ങുമിങ്ങും നോക്കി. ശാലയിലമ്മ പറഞ്ഞു, “ചെറിയൊരു കുപ്പിയിലാണവൻ കൊണ്ടുവന്നത്. അതൊരു ചിരാതിൽ ഒഴിക്കാനുള്ളത്രയേ ഉണ്ടായിരുന്നുള്ളൂ, ഞാനതെടുത്തു പടിഞ്ഞാറ്റയിൽ നെയ്‌വിളക്കു കത്തിച്ചു.”
അതെത്ര കുറച്ചേ ഉണ്ടായിരുന്നുള്ളൂ എന്നു കാണിക്കാൻ അവർ ആ കുപ്പിയെടുക്കാൻ വേണ്ടി പടിഞ്ഞാറ്റയിലേക്കു പോയി. അവർ ‘ഈ കുപ്പിയിലുള്ളതു മുഴുവൻ ഞാനി ചിരാതിലൊഴിച്ചിരുന്നുവല്ലോ, ഇനിയുമുണ്ടോ” എന്നു പറഞ്ഞു മറ്റൊരു ചിരാതിലേക്കു ആ കുപ്പിയിലെ നെയ്യൊഴിച്ചു.അവിശ്വസനീയമെന്നുപറയട്ടെ, രണ്ടാമത്തെ ചിരാതിലൊഴിച്ചു കുപ്പി നിവർത്തിവെച്ചപ്പോൾ വീണ്ടും കുപ്പി നിറയെ നെയ്യ്. അവർ അവിടെയുള്ള ചിരാതിലൊക്കെ നിറച്ചു. എന്നിട്ടൂം കുപ്പി നിറയെ നെയ്യ്. ഊണുകഴിക്കാനിരുന്നവരൊക്കെ അദ്ഭുതം കാണാനെഴുന്നേറ്റു.നിലവിളക്കുകളിലൊക്കെ ഒഴിച്ചു. അദ്ഭുതം സ്വയം ബോധ്യ്പ്പെടാൻ പലരും കുപ്പിയിലെ നെയ്യെടുത്ത് കണ്ട പാത്രത്തിലൊക്കെ ഓഴിച്ചു. ഏതു പാത്രത്തിലൊഴിച്ചാലും അതു നിറഞ്ഞുകഴിഞ്ഞാലും കുപ്പി നിറയെ നെയ്യ്.
പിന്നെ സംശയിച്ചില്ല, ഗുരുനാഥനും ശാലയിലമ്മയും എല്ലാവരും ചേർന്നു മിടുക്കനെത്തേടി അവന്റെ വീട്ടിലേക്കു നടന്നു. വീട്ടിലുണ്ടാകുമെന്നേ അവർ കരുതിയുള്ളൂ. ശാലയിലെല്ലാവരും കൂടി വീട്ടിലേക്കു വരുന്നതു കണ്ടമ്പരന്നു, അവരുടെ കൂട്ടത്തിൽ തന്റെ മകനില്ലെന്നു കണ്ട അമ്മയുടെ മുഖഭാവം കണ്ടപ്പോൾഅദ്ഭുതത്തിനു പകരം എല്ലാവരുടെ മുഖത്തും പരിഭ്രമമായി.
ശാലയിലമ്മ ചോദിച്ചു, മിടുക്കനെ കാടുകടത്തിവിടാൻ അമ്മ പറഞ്ഞയക്കാറുള്ള കണ്ണേട്ടനെവിടെ?
കണ്ണേട്ടനോ? അതു പേടി തോന്നിയാൽ വിളിക്കാൻ അമ്പാടിക്കണ്ണന്റെ പേർ പറഞ്ഞു കൊടുത്തതാണെന്നമ്മ. അല്ലല്ല, എന്നും കണ്ണേട്ടന്റെ കൂടെയാണു മിടുക്കൻ വരാറെന്നു ശാലയിലമ്മയും കൂട്ടുകാരും. അല്ലാതെ ഈ കൊടുങ്കാട്ടിലൂടെ മിടുക്കനൊറ്റക്കു വരികയോ? എല്ലാവരും കാട്ടിലേക്കു തിരിച്ചു നടന്നു.
മിടുക്കാ, എന്ന അമ്മയുടെ വിളികേട്ടാണു മിടുക്കനുണർന്നതു. വൈകുന്നേരമായി, ശാലവിട്ടു വീടണയാറായി എന്നു പറഞ്ഞ് മിടുക്കനെ കാടിനതിർത്തിയിലെ വളവോളം കണ്ണെട്ടൻ കൊണ്ടുവിട്ടു. സങ്കടം മാറിയില്ലേ എന്നു ചോദിച്ചപ്പോഴെക്കും കണ്ണു നിറഞ്ഞ മിടുക്കനു സന്തോഷമാവാൻ കണ്ണേട്ടൻ ഒരോടക്കുഴലും മയിൽ‌പ്പീലിയും കൊടുത്തു-
മിടുക്കൻ അമ്മയുടെ ശബ്ദം കേട്ട ദിക്കിലേക്കു നടന്നു..അപ്പോഴാണു ഗുരുനാഥനും മറ്റെല്ലവരുംകൂടി വരുന്നത് കണ്ടതു. ആരോടും പറയാതെയാണല്ലോ ശാലയിൽനിന്നിറങ്ങിയത് എന്നു മിടുക്കൻ അപ്പോഴാണു ഓർമ്മിച്ചതു. എവിടെയായിരുന്നു നീയിതുവരെ എന്നെല്ലാവരും കൂടി ചോദിച്ചപ്പോൾ പരിഭ്രമിച്ച് “ദാ അവിടെ, കണ്ണേട്ടന്റെ കൂടെ” എന്നു മാത്രം അവൻ പറഞ്ഞു. “നെയ്യു തന്ന കണ്ണേട്ടനാണോ?” എന്നു ശാലയിലമ്മ ചോദിച്ചപ്പോൾ കണ്ണിൽ വെള്ളം നിറച്ചുകൊണ്ട്, അവൻ അമ്മയുടെ നീട്ടിയ കൈകളിലേക്കു ഓടിക്കയറി, “ ഈ ഓടക്കുഴലും മയിൽ‌പ്പീലിയും കണ്ണേട്ടൻ തന്നതാണു“ എന്നു പറഞ്ഞു. മിടുക്കനെ വാരിപ്പുണർന്നുമ്മവെച്ച അമ്മക്കു മാത്രമേ അവന്റെ കയ്യിലെ മയിൽപ്പീലിയും ഓടക്കുഴലും കാണാൻ കഴിഞ്ഞുള്ളൂ.

Saturday, February 13, 2010

പ്രസാദം

തൊട്ടെൻ മെയ്യിലുരുമ്മിനിന്നു മുരളും മാർജ്ജാരി, കൺതെറ്റിയാൽ-
ക്കട്ടുണ്ണാൻ വരുമെന്റെ കണ്ണനു കൊടുക്കാൻ വെച്ച പാൽ,വെണ്ണയും!
കെട്ടിക്കേറ്റിയടച്ചുവെ,ച്ചുറിയിൽ ഞാ;നെൻ കുണ്ഠിതം കണ്ണ, നീ
കഷ്ടപ്പെ,ട്ടതുകട്ടു പൂച്ചകളുമായ്പ്പങ്കിട്ടതായ് കാൺകയാൽ!

Saturday, January 2, 2010

നല്ലൊരു കവിതയിതാ

കവിത കുറിച്ചുവച്ച നോട്ടുപുസ്തകം തിരഞ്ഞുനോക്കി കിട്ടുന്നില്ല…എന്നെങ്കിലും കിട്ടുമായിരിക്കും…
മനസ്സിൽ പിന്നെയുള്ളതു വായിച്ച നല്ല കവിതകളാണ്. 2008 ലെ കേസരി വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഈ കവിത എഴുതിയത് ‘ലോപ’ ആണ്. (തൂലികാനാമമോ എന്നറിയില്ല…ഇത്ര നല്ല കവിത എഴുതുന്നയാൾ അപ്രശസ്ത(ൻ) ആവില്ല; എന്റെ വായനക്കുറവാകാം കാരണം.
ഉദ്യോഗസ്ഥ എന്ന ശീർഷകത്തിനു ഉദ്+ യോഗസ്ഥ എന്ന വിഘടനവും ‘യോഗസ്ഥ: കുരു കർമ്മാണി സങ്ഗംത്യക്ത്വാ ധനഞ്ജയ ‘ എന്ന സംഘടനവും ആലോചിച്ച് കവിയെയും എല്ലാ ഉദ്യോഗസ്ഥകളെയും എല്ലാ അമ്മമാരേയും നിഷ്കാമകർമ്മോദ്യോഗസ്ഥകളേയും നമസ്കരിച്ചു ഞാൻ.
ഈ കവിത മൂളിനടന്നത് “വർണ്ണവിവേകം” എന്ന എന്റെ കവിതക്കു പ്രചോദനമായി എന്നു സന്തോഷപൂർവ്വം പറയട്ടെ. ‘അടുക്കളപ്പിശാച്’ എന്ന പദത്തിനു ഇതരഭാഷകളിലെങ്ങാനും പ്രത്യേകാർഥമുണ്ടോ ആവോ? കഴിച്ചു കഴിഞ്ഞഭക്ഷണത്തിന്റെ വെച്ചതും വിളമ്പിയതും കഴിച്ചതുമായ പാത്രങ്ങൾ കഴുകാൻ കൂട്ടിയിട്ടത്- അതിലോരോന്നും കഴുകിയിട്ടു വേണം പുതിയ നല്ല ഭക്ഷണമുണ്ടാക്കാൻ എന്നാലോചിക്കുമ്പോൾ അടുക്കളയിലേക്കു കയറാനേ തോന്നാ‍തിരിക്കുന്ന അവസ്ഥ- (കുലത്തിലെ ഗതികിട്ടാത്ത പൂർവികപ്രേതങ്ങൾ പിശാചരൂപത്തിൽ വന്ന് സന്താനഭാഗത്തു ബാധയാവുന്നതുമൊക്കെയാണോ അടുക്കളപ്പിശാച് എന്ന ആ പദത്തിനു പിന്നിൽ?
ഇത്ര നല്ല കവിത 2008നുശേഷം കണ്ടില്ല. 2010ലും ഇതു തന്നെ പാടട്ടെ ഒരു പത്തുപ്രാവശ്യം.(നതോന്നതയുടെ ഒന്നാമത്തെ വരി പകുത്തെഴുതിയതാണു ഓരോ വരിയും..ഈണത്തിലും താളത്തിലും ഭാവത്തിലും ചൊല്ലാം.

ഉദ്യോഗസ്ഥ
(ലോപ) *

ഉഷസ്സിനെയുണർത്തുന്നോൾ
ഉറങ്ങും മുമ്പുണരുന്നോൾ
കുളി,വേഷം മാറ്റലൊക്കെ
ഞൊടികൊണ്ടു കഴിക്കുന്നോൾ
ഇരുന്നാലുമിരിപ്പെങ്ങു-
മുറയ്ക്കാത്തോൾ, നിന്നുകൊണ്ട്
കഴിച്ചെന്നു വരുത്തുന്ന
കലശീലിച്ചെടുക്കുന്നോൾ
പലപാത്രങ്ങളിൽ പല
വിഭവമായ് നിറയുന്നോൾ
തനിക്കായിട്ടെടുക്കുവാൻ
മറക്കുന്നോൾ- പത്തുതൊട്ടു
വരച്ചും വെട്ടിയുമോഫീസ്
മുറിക്കുള്ളിൽ നരയ്ക്കുന്നോൾ…

നടന്നു,മോടിയും വീണും
നിവർന്നും വീട്ടിലെത്താനായ്
സ്വകാര്യബസ്സിലെ സർക്കസ്സ്
പരിശീലിച്ചൊടുങ്ങുന്നോൾ..
പിണങ്ങാനും ചിണുങ്ങാനും
കാത്തിരിക്കും കുരുന്നിനെ,
പ്രിയങ്ങൾ തെറ്റുകിൽത്തെല്ലും
കനിയാത്ത പ(കു)തിയെ
വിഴുങ്ങുവാൻ വാപിളർത്തു-
മടുക്കളപ്പിശാചിനെ,
തടുക്കുവാൻ ചിരിമാത്രം
പരിചയായ് പിടിക്കുന്നോൾ…
ക്ഷമയിൽ ഭൂമിയെ വെന്നോൾ….

കിടന്നാലും കിടക്കാതെ-
ഉറങ്ങും മുൻപുണരുന്നോൾ
ഉഷസ്സിനെയുണർത്തുന്നോൾ…
----------------------------------------------
* തൂലികാനാമമാണോ എന്നറിയില്ല