Monday, November 3, 2008

ശ്ലോകത്തില്‍ കഴിച്ച കഥ

ശ്ലോകത്തില്‍ കഴിച്ച കഥ
--------------------------
കാലിക്കോലിനുമെന്തു ഭംഗി മുരളീ-
കൃഷ്ണൻ പിടിക്കുമ്പൊഴെ-
ന്നാലോചിക്കെയകിട്ടിലപ്പടി ചുര-
ന്നത്രേ കറമ്പിക്കു പാൽ!
വാലാട്ടിപ്പിറകോട്ടു നോക്കിയവളോ
കണ്ടൂ പശുക്കുട്ടിയെ-
പ്പോലന്നാലയിൽ മുട്ടുകുത്തിയരിക-
ത്താ ബാലഗോപാലനെ!
* * * * * * * * * * *
മഥുരയിൽ ഒരു മിൽക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉണ്ടായിരുന്നു. അമ്പാടിയിലെ അതിന്റെ കളക്ഷൻ സെന്റർ നന്ദഗോപരുടെ വീട്ടിലാണ്. എല്ലാ ഗോപസ്ത്രീകളുടേയും രാവിലത്തെ പണി, പൈക്കളെ കറന്ന് അത്യാവശ്യത്തിനുള്ള പാൽ തങ്ങളുടെ വീട്ടിൽ വച്ച ശേഷം ബാക്കി നന്ദന്റെ വീട്ടിൽ എത്തിച്ചു കൊടുക്കുക എന്നതായിരുന്നു.
നന്ദന്റെ വീട്ടിലേക്കു പാൽ‌പ്പാത്രവും തലയിൽ വച്ചു പോകുന്ന ഗോപസ്ത്രീകളായിരുന്നു ഗോകുലത്തിന്റെ പ്രഭാതം.സ്വാഭാവികമായും, പ്രായത്തിനനുസരിച്ചുള്ള ചെറിയ കൂട്ടങ്ങളായാണ് അവർ പോകാറ്. അതനുസരിച്ചുള്ള വാതോരാതെയുള്ള വർത്തമാനമായിരുന്നു ഈ പോക്കുവരവിനെ ആകർഷകമാക്കിയിരുന്നത് . സത്യവും അസത്യവും അർദ്ധസത്യവും അല്പസത്യവുമൊക്കെ ഇടകലർത്തി, വഴിക്കു വിളമ്പാൻ ഇവർ നിറച്ചെടുക്കുന്ന വർത്തമാനപ്പാത്രത്തിനാണ് പാൽ‌പ്പാത്രത്തേക്കാൾ ഭാരം എന്നു തോന്നും, പറഞ്ഞൊഴിച്ചുതീർക്കാനുള്ള അവരുടെ തിടുക്കം കണ്ടാൽ.
നന്ദഗൃഹത്തിൽക്കൊടുക്കാൻ അമ്മമാർ നിറച്ചുകൊടുക്കുന്ന പാത്രത്തിലെ പാൽ കുറച്ചെടുത്തു അടച്ചു ഉറിയിൽ വെക്കുമായിരുന്നു ചിലഗോപബാലികമാർ. തങ്ങളതു ചെയ്യുന്നതു ആരുമറിയുന്നില്ല എന്നായിരുന്നു ഓരോ ഗോപികയും കരുതിയിരുന്നത്. നന്ദന്റെ വീട്ടിലെ കണ്ണൻ വന്നു ‘കട്ടു’ കുടിക്കാനായിരുന്നു അവരങ്ങനെ ചെയ്തിരുന്നത്.
കള്ളനോടുള്ള സ്നേഹം മൂത്ത് ഒരു വർത്തമാനപ്പാത്രക്കാരി ഒരുദിവസം കുറച്ചധികം പാൽ ഉറിയിലെടുത്തു വെച്ചുപോയി. പാൽ‌പ്പാത്രവും തലയിൽ വെച്ചു കൂട്ടുകാരികൾക്കൊപ്പം നടന്നുതുടങ്ങിയപ്പോൾ അവൾക്കൊരു സംശയം, തന്റെ പാത്രത്തിന്റെ ഭാരക്കുറവ് മറ്റുള്ളവർക്കു മനസ്സിലാകുന്നുണ്ടോ എന്ന്.അതു മനസ്സിലായാൽ, പാൽ കുറഞ്ഞതിനു കാരണമായി എന്തുപറയുമെന്നവൾ ആലോചിച്ചു. അവൾ പറഞ്ഞ കളവ് എന്താണെന്നോ?
വടി കണ്ടാൽ പേടിക്കുന്ന നമ്മുടെ കറമ്പിയില്ലേ?അവളുടെ അകിട്ടിലിന്നൊട്ടും പാലുണ്ടായിരുന്നില്ല.കള്ളി! മുഴുവൻ തന്റെ കുട്ടിയെ കുടിപ്പിച്ചതാണ്.എന്നിട്ടവൾ പറയുകയാണ്, ‘കാലിക്കോലാണെങ്കിലും അ,താ കണ്ണൻ പിടിക്കുമ്പോൾ കാണാനൊരു രസമുണ്ട്;രാത്രി ഞാനതങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴുണ്ട്, ആ കണ്ണൻ മുട്ടുകുത്തി, എന്റെ കിടാവിനെപ്പോലെ അകിട്ടിൽ വന്നു നിൽക്കുന്നു- അവൻ കുടിച്ചു തീർത്തു പാലൊക്കെ’ എന്ന്.
അതാണെന്റെ പാത്രത്തിൽ പാൽ കുറവ്. അല്ലാതെ....
കാലിക്കോൽ ‘നിയമ’ത്തെ ഓർമ്മിപ്പിക്കുന്നുവോ?
* * * * * * * * * * * *
ടിപ്പണി എഴുതുന്നത്, അല്ലെങ്കിലും ഇരട്ടിപ്പണിയാണല്ലോ!



Wednesday, October 15, 2008

കയ്പ്പക്കക്കൊണ്ടാട്ടം*

ഉണ്ണാനുണ്ണിക്കൊരുക്കീ രസ,മവിയൽ,പഴ-
ക്കാള,നുപ്പേരി,യോലൻ;
തിണ്ണം വന്നുണ്ണുകെന്നാ സുകൃതമതിയശോ-
ദാംബ കെഞ്ചുന്ന നേരം
“ഉണ്ടോ കൊണ്ടാട്ടമിന്നിങ്ങൊരുപിടി തരുവാൻ
കയ്പ്പകൊ”ണ്ടെന്നുരക്കും
കണ്ണാ, നീ,യാനിലയ്ക്കെൻ കവിതയുമൊരുനാൾ
തെല്ലു കൈക്കൊള്ളുകില്ലേ?
-------------------------------------------
*കൈപ്പക്കക്കൊണ്ടാട്ടം: കൈപ്പക്കക്കു പേരു മറ്റൊന്നാവാൻ വയ്യ. ജന്മസ്വഭാവം കയ്പ്പ്. വട്ടത്തിൽ നുറുക്കിവച്ചാലൊരു ഭങ്ഗിയൊക്കെയുണ്ട്. പക്ഷെ ആ കൈപ്പുരസവും വാസനയും ഓരോ വൃത്തഖണ്ഡത്തിലുമുണ്ട്. കർമ്മസാക്ഷിയുടെ അനുഗ്രഹത്താലതു കുറെയൊക്കെ പോകും, ഉണങ്ങുമ്പോൾ. ശേഷിക്കുന്നതു മറയ്ക്കാനും പുറത്തുനിന്നു മറ്റൊന്നും വരാതിരിക്കാനും കുറച്ചു ലാവണ്യം വരുത്തണം-കൃത്രിമമായി! പോര, ഇനിയതിനെ തപ്തസ്നേഹത്തിൽ മുക്കിയിടുക. കൃഷ്ണമയമാകാൻ വെമ്പുമ്പോൾ എടുത്തു വിളമ്പാം, ഇളംചൂടോടെ. സഹതാപേന ദീയതാം....

Tuesday, October 7, 2008

ധ്യാനം

ചിന്തയും വാക്കുമെൻ ചെയ്തികളും-
കൊണ്ടു ഞാൻ നെയ്തൊരിപ്പട്ടുവസ്ത്രം,
ഞാൻ തന്നെയെന്നേ മമതമൂലം
ഞാനുമെല്ലാരും നിനച്ചതുള്ളൂ...
നീരാടുവാനായിറങ്ങിയപ്പോൾ
നീയതെടുക്കുമെന്നോർത്തതില്ല
ഇത്തുകിലോടു മമത പക്ഷേ
തുച്ഛമാണച്യുതാ സത്യമോർത്താൽ
എത്ര കാലത്തേക്കു വിസ്മരിക്കും
ഹൃത്തടം തന്നിലെ മുത്തിനെ ഞാൻ?

പകലൊന്നുവേഗം കഴിഞ്ഞുകിട്ടാൻ
പണിതിരക്കിട്ടു ഞാൻ ചെയ്തിടുമ്പോൾ
പകലോന്റെ ചൂടൊരു ഭാരമായി
മുരളീധരാ ഞാൻ കരുതിയില്ല..
രാവിലാരാവമടങ്ങി ഗോപ-
വാടങ്ങളൊക്കെയുറങ്ങീടുമ്പോൾ,
കര വീർപ്പുമുട്ടിച്ചു കാളിന്ദിയും
കരൾ തുടുത്തിക്കുടിക്കുള്ളിൽ ഞാനും
നിന്റെ കാലൊച്ചക്കു കാത്തിരിക്കേ
ചന്ദ്രിക നെഞ്ചിലെത്തീവളർക്കേ
വ്യർഥനിമിഷങ്ങൾ നീ വരാതെ
ബാഷ്പമായ് മണ്ണിൽവീണാണ്ടുപോകെ,
കണ്ണാ കറുത്തൊരീ ലോകമൊന്നി-
ച്ചെന്നെ വെടിഞ്ഞെന്നെനിക്കു തോന്നി..
* * * *
കോരിത്തരിച്ചുപോയ് കാറ്റിനൊപ്പം
ഓടക്കുഴൽ വിളിയെത്തിയപ്പോൾ
ആ മുരളീരവം കൂരിരുളിൽ
കോമളരൂപ വെളിച്ചമായി,
പിന്നെപ്പവിഴാധരങ്ങളായി
നിൻ വിരൽത്തുമ്പിലെത്താളമായി
പൊൻ കവിളായ് കുണ്ഡലങ്ങളായി
നിൻ കടക്കണ്ണിൻ കുസൃതിയായി
ഗോപിയായ് പീലിത്തിരുമുടിയായ്, വന-
മാലയായെന്നടുത്തെത്തുകയായ്...
നമ്മൾക്കിടക്കീ‍യഹംകൃതിയാൽ
നെയ്തുടുത്തോരാടമാത്രമായി..
ഇത്തുകിലോടു മമത പക്ഷേ
തുച്ഛമാണച്യുതാ സത്യമോർത്താ‍ൽ
എത്ര നിമിഷം മറച്ചുവെക്കും
ഹൃത്തടംതന്നിലെ മുത്തിനിഞാൻ!

(പത്തുപതിനഞ്ചുകൊല്ലം മുമ്പെഴുതിയ കവിതയാണ്. ഭഗവദ്ഗീതാപ്രഭാഷണം നടത്തുന്ന ശ്രീ.സന്ദീപ് ചൈതന്യ പറഞ്ഞതായി ചില കാര്യങ്ങൾ പത്രത്തിൽ കണ്ടപ്പോൾ ഇതോർമ്മ വന്നു)

Sunday, August 3, 2008

വൈശ്വാനരവിദ്യ

വിളമ്പുകാരോരോരുത്തർ വരിയായി വന്നൂ;
വിഭവങ്ങൾ വഴിപോലെ വിളമ്പിയും തന്നൂ;
നാക്കു നീട്ടിയിരുന്നതീയിലയാണെന്നാലും
നോക്കിനോക്കിക്കഴിച്ചതാ,രതു വൈശ്വാനരനോ?

വാട്ടിയതാണില; വെള്ളംവീഴ്ത്തി ശുദ്ധമാക്കി;
കീറലില്ല പോറലില്ല നോക്കിബോദ്ധ്യമാക്കി;
ഊണിനാണീയില, നേരമേറെ ലാളിക്കേണ്ട-
ഞാനെണീറ്റു കഴിഞ്ഞാലീയിലതൊട്ടാലശുദ്ധം!

ഖാദ്യ,ചോഷ്യ,ലേഹ്യ,പേയ,ഭോജ്യമെല്ലാം ചേരും
സദ്യതന്ന ഭൂപതിക്കു സദ്യശസ്സേ ചേരൂ!
ഭിന്നമാണു രുചി ലോകർക്കെന്നതിത്ര നന്നായ്
അന്നപൂർണ്ണേശ്വരിയോളമാരറിഞ്ഞൂ മന്നിൽ!
****************************************************
(അഹം വൈശ്വാനരോ ഭൂത്വാ
പ്രാണിനാം ദേഹമാശ്രിത:
പ്രാണാപാനസമായുക്ത:
പചാമ്യന്നം ചതുർവ്വിധം- എന്നു ഭഗവദ്ഗീത)
ഖാദ്യം,ചോഷ്യം,ലേഹ്യം,പേയം എന്നിങ്ങനെഭോജ്യവസ്തുക്കൾ നാലുതരം.

Friday, May 30, 2008

പൈതൃകം

കിഴിഞ്ഞുചാടും ട്രൌസര്‍ കയറ്റി, നെഞ്ഞുന്തിച്ചു,
കുഞ്ഞുണ്ണി തന്‍ തോഴരോടോതിയതെന്താണെന്നോ?
ഞാനുമച്ഛനും കൂടി വെച്ചതാണല്ലോ വാഴ;
വേണെങ്കില്‍ത്തരാം കുല പഴുത്താലോരോ പഴം!

കുഴി കുത്തിയതച്ഛന്‍; എങ്ങുനിന്നാവോ കന്നു
കൊണ്ടുവന്നതുമച്ഛന്‍; വളവും തോലും*കൊണ്ടു
കുഴിമൂടിയതച്ഛന്‍; കന്നതില്‍ക്കുഴിച്ചിട്ടു
മണ്ണുകൂട്ടിയതച്ഛന്‍; നിത്യവും നനച്ചതും;
മഴ വന്നപ്പോള്‍ തോലും വെണ്ണീരും മണ്ണും കൂട്ടി
കൂടമാക്കിയതച്ഛന്‍; കാറ്റു വന്നെത്തും മുമ്പേ
മുള കെട്ടിയതച്ഛന്‍; വൈകാതെ വരും കുല-
യെന്നു ചൊന്നതും, പിന്നെ മടിച്ചു പുറത്തേയ്ക്കു
വന്നൊരക്കുല കാട്ടിത്തന്നതു,മണ്ണാര്‍ക്കണ്ണന്‍
കൂമ്പിനെയിതള്‍ മൂക്കാലടര്‍ത്തി,പ്പൂവോരോന്നും
പറിച്ചു തേനുണ്മതു കാണുവാനെന്നെത്തോളി-
ലേറ്റിയെത്രയോനേരം നിന്നതുമച്ഛന്‍; കുല
ചിങ്ങമാവണം മൂക്കാനെന്നു ചൊന്നതുമച്ഛന്‍;
ചിങ്ങത്തിലൊടുക്കമാണോണ,മോതിയതച്ഛന്‍.

കാണുകിക്കുല, യിതു കാണുമ്പോളറിയില്ലേ
ഞാനുമച്ഛനും കൂടി വെച്ചതാണല്ലോ വാഴ!
*********************************************
*തോല്‍= വളമായി ഇടുന്ന പച്ചിലയ്ക്കു പറയുന്ന ഗ്രാമ്യപദം

Tuesday, May 20, 2008

പുതിയ ബിംബങ്ങള്‍

പുത്തനാം ദൈവം പറഞ്ഞുവത്രേ, യിനി-
പ്പറ്റില്ല വാഴുവാന്‍ കല്ലിലും മണ്ണിലും-
ഉച്ചത്തിലാര്‍ത്തവര്‍ തച്ചുതകര്‍ത്തതി-
ക്കൊച്ചുകുടിലിന്‍ വിളക്കും വെളിച്ചവും!

ബുദ്ധനോതീ കല്ലിലില്ല ദൈവം? ലഘു-
ബുദ്ധികള്‍ ഞങ്ങളറിയുവതെങ്ങനെ?
ആരും മരിക്കാത്ത വീട്ടില്‍നിന്നിത്തിരി
‘മോരു’ ചോദിപ്പിച്ചു നേരറിയിച്ചതും
ഹിംസ പാടില്ലെന്നു ശാഠ്യം പിടിച്ചതും
സിംഹാസനത്തെയുപേക്ഷിച്ചുവെന്നതും
സിദ്ധാര്‍ത്ഥനെന്ന പേരന്വര്‍ത്ഥമാക്കുവാ-
നര്‍ത്ഥം വെടിഞ്ഞു യാഥാര്‍ത്ഥ്യം ഗ്രഹിച്ചതും-
ഒക്കെ മനസ്സിലാക്കീടുന്നു ഞങ്ങളി-
‘ന്നക്രൂര’ഭാവം* സ്വതസ്സിദ്ധമായവര്‍;
ഒന്നൊഴിച്ചൊക്കെ മനസ്സിലായ്- ഈശ്വരന്‍
ചൊന്നുവോ കല്ലില്‍ വാഴില്ലെന്നു തീര്‍ച്ചയായ്?

ഏതു ദൈവത്തെയും കല്ലില്‍ വരുത്തുവാന്‍
ഏതോ ശിലായുഗം തൊട്ടു ശീലിച്ചവര്‍
ഏതു പ്രതിമയും വാഴിക്കുവാന്‍ വേണ്ട
പീഠവും കോവിലും തീര്‍ക്കാന്‍ പഠിച്ചവര്‍
പുത്തന്‍ ദൈവത്തെയും വൃത്തിയായ് കല്ലിലേ
കൊത്തിവെച്ചൂ ഞങ്ങ,ളിത്തിരിപ്പോന്നവര്‍!
എന്തറിഞ്ഞൂ ഞങ്ങള്‍? പണ്ടത്തെത്തമ്പുരാ-
നേതു മൂഢന്നുമേ കാണാന്‍ കഴിയുവോന്‍;
കല്ലിലെന്നല്ല മണലില്‍പ്പതിഞ്ഞൊര-
ക്കാല്പാടിലും** കൂടി വാഴാന്‍ കഴിയുവോന്‍;
ബുദ്ധിയുള്ളോര്‍ക്കുമില്ലാത്തവര്‍ക്കും സ്വയ-
മുദ്ധരിക്കാന്‍ വഴിയുണ്ടെന്നു ചൊന്നവന്‍
അപ്പുരാനെത്തന്നെയാണു കാണുന്നതു
കൊത്തിയതാരെയായാലുമിക്കല്ലില്‍ നാം!

ഏതുപേര്‍ ചൊല്ലി വിളിക്കിലും വന്നിടാ-
മേതുരൂപത്തിലും ഭാവത്തിലുമെന്നു
***‘കണ്ടവ’രോടൊക്കെയോതിയ തമ്പുരാന്‍
വീണ്ടുമെത്തീടും വെളിച്ചം വിതയ്ക്കുവാന്‍!
---------------------------------------------------
നക്ഷത്രചിഹ്നമുള്ള വാക്കുകള്‍ക്കു കവിതയില്‍ ധരിക്കേണ്ട അവാച്യാര്‍ഥങ്ങള്‍:
*അക്രൂരഭാവം=പ്രതീകങ്ങളിലും ഭക്തരിലും ഈശ്വരസാന്നിധ്യം അനുഭവപ്പെടുന്ന അവസ്ഥ.
**കാളിന്ദീതീരത്തു ശ്രീകൃഷ്ണന്റെ കാലടിപതിഞ്ഞ മണലില്‍കിടന്നുരുണ്ടുവത്രേ അക്രൂരന്‍!
***ഋഷിമാര്‍, ദാര്‍ശനികര്‍

Thursday, May 1, 2008

മരണമൊഴി

മരണമൊഴി
(വടക്കന്‍ കേരളത്തിലെ വിധവയായ ഒരമ്മയ്ക്ക് കുഞ്ഞുപിറന്നു.ദുഷ്പേരു ഭയന്ന് അതിനെ പറമ്പിലൊരിടത്തു കുഴിച്ചിട്ടു.പുല്ലരിയാന്‍ പോയ മറ്റൊരമ്മ ഉറുമ്പുകള്‍ പൊതിഞ്ഞിരുന്ന കുഞ്ഞിനെ, കൈ പുറത്തുണ്ടായിരുന്നതുകൊണ്ട് കണ്ടെത്തി പുറത്തെടുക്കുമ്പോഴും അതിനു ജീവനുണ്ടായിരുന്നു. രണ്ടുമൂന്നുദിവസം ജീവിച്ചശേഷമാണ് ആ കുഞ്ഞു മരിച്ചത്. ‘കാരുണ്യത്തിന്റെ കവയിത്രി’യായ സുഗതകുമാരിടീച്ചര് ‍ഒരു ടീവീ ചാനലിനോടു സംസാരിച്ചപ്പോള്‍ ആയമ്മയെ ‘ഭ്രാന്തി’യെന്നു വിശേഷിപ്പിച്ചത് കവിയ്ക്ക് അരോചകമായിത്തോന്നി. മരിയ്ക്കും മുമ്പ് ആ കുഞ്ഞിന്റെ മൊഴി-അമ്മയോടുള്ള മൊഴി- കുറിച്ചെടുത്തതാണീ കവിത.)
കുന്തിയെ വിളിച്ചുവോ ഭ്രാന്തിയെന്നാരെങ്കിലും
ശാന്തിപര്‍വത്തില്‍ക്കൂടി നോക്കി നീയിതിഹാസം;
സന്തതി പിറന്നേടം വെടിയാന്‍പറഞ്ഞോര-
പ്പണ്ഡിതശ്രേഷ്ഠന്‍ ‘വരകവി’യെന്നല്ലോ പാഠം!
സന്താപമെന്തെന്നാരുമറിയാതിരിക്കുവാന്‍
ഉന്തി നീ സ്വന്തം വായില്‍ക്കേറ്റിയീ പഴം പാഠം!
നെഞ്ചിടിപ്പുകൊണ്ടല്ലോ കുണ്ടുകുത്തിയ,താരും
കണ്ടതില്ലപോല്‍ നിന്റെ കുണ്ഠിതമതുവരെ!
മറ്റൊരു മാതാവെന്നെക്കണ്ടെടുത്തപ്പോഴേക്കും
പെറ്റതേക്കാളും കൊടുംകുറ്റമായ് നിനക്കു ഞാന്‍‍!
ഏതുപാപവുമോളക്കൈനീട്ടിവാങ്ങും ഗംഗാ-
മാതാവു വറ്റിപ്പോയീ നാട്ടുകാര്‍ കാണെക്കാണെ;
കുറ്റമി,ല്ലധിരഥരാധമാര്‍ തീരം വിട്ടു
മറ്റെങ്ങോ കുടിയേറീ, തെറ്റതില്‍പ്പറയാമോ?
പെറ്റതേ കുറ്റം,പകല്‍വെട്ടമാര്‍ത്തിടും; പേടി-
ച്ചറ്റകൈയ്ക്കു നീ ചെയ്തതാണു പോല്‍‍കൊടുംകുറ്റം!
അരിച്ചു മണം പിടിച്ചെത്തിയ ‘കുനിയന്‍’മാര്‍
കടിക്കെപ്പിടഞ്ഞതു നീയാണെന്നറിഞ്ഞതാര്‍?
അക്ഷരപ്പടയതാ കാത്തുനില്‍ക്കുന്നൂ നിന്റെ-
യിത്തിരി ശേഷിക്കുന്ന രക്തവും കുടിക്കുവാന്‍!
വയ്യെനിക്കതു കാണാന്‍, മണ്ണിതില്‍പ്പുതയാത്ത
കയ്യിനാകുമോ നാളേത്തേരുരുള്‍ പൊക്കീടുവാന്‍?
രാധേയനായാല്‍ത്തന്നെ, നാളെയിസ്സഭയെന്നെ
ഭ്രാതാവിന്നെതിരായീട്ടമ്പുകള്‍ തൊടുപ്പിക്കും,
പിന്നെ നീയവരുടെ ജീവനെയിരന്നെന്റെ
മുന്നില്‍ വന്നില്ലാതാവും, പിന്നെ ഞാനില്ലാതാവും...
മന്ത്രശക്തിയില്‍തോന്നീ ശങ്ക; നിന്‍ വിനയതായ്;
മന്ത്രമേ മറക്കുംഞാ,നന്തകനണയുമ്പോള്‍...
എന്തിനാണാവര്‍ത്തിപ്പതിന്ത്യതന്നിതിഹാസം
സന്ധിയുമശാന്തിയും രുധിരം ചിന്തീടുമ്പോള്‍?
ഇനിഞാനുറങ്ങട്ടെ, കീറുവാന്‍ മുറിക്കുവാന്‍
അധികം മിനക്കെടാതിക്കഥ കഴിയട്ടേ!

Thursday, April 17, 2008

കാലം

കാലം
കുഞ്ഞുണ്ണിക്കും കുഞ്ഞുറുമ്പിന്നും
ലോകമൊരുതരി പഞ്ചാര!
കാല,മതുണ്ടുകഴിവോളം;
കവിതയതിന്റെ കൊതിയോളം!
* * * * * * *
കുളിച്ചു, കാലപ്പെണ്ണു, കര്‍ക്കടമുടി കോതി,
പൂചൂടി നില്പാ,ണാരോ വരുന്നുണ്ടത്രേ കാണാന്‍!‍
മന്നനാകിലും ഭിക്ഷാംദേഹിയാകിലും കൊള്ളാം;
തന്നിഷ്ടക്കാരിക്കാരു മിന്നുകെട്ടുമീമന്നില്‍?
* * * * * *

Tuesday, April 8, 2008

കൃഷ്ണമണികള്‍





സ്വാദീയസീ
“ഉമ്മ വച്ചിടണമെങ്കില്‍ നീ തരികവെണ്ണ, മാലയിതു ചൂടുവാന്‍
സമ്മതിപ്പതിനു വെണ്ണ, ഞാന്‍മുരളിയൂതുവാനുരുള വേറെയും”
അമ്മയോടു മണിവര്‍ണ‍നോതിയതറിഞ്ഞു ദേവമുനിസങ്കുലം
ബ്രഹ്മസാധന വെടിഞ്ഞു വല്ല വഴിതേടി, വല്ലവികളാകുവാന്‍!


കണ്ണന്‍
മണ്ണിലുണ്ടു, കരിവിണ്ണിലുണ്ടു, കളിയാടിടുന്ന കലമാനിലും
കണ്ണടച്ചു നറുപാല്‍കുടിയ്ക്കുമൊരുപൂച്ച, പൂ, പുഴ,പശുക്കളില്‍-
കണ്ണിനുള്ള വിഷയങ്ങളായവയിലൊക്കെ രാധികയറിഞ്ഞതാ
വെണ്ണ കട്ടവനെ;യന്നുതൊട്ടു ഹരി,കണ്ണനെന്ന വിളി കേട്ടുപോല്‍!

നിത്യവസന്തം
ചെന്താര്‍ച്ചുണ്ടാ മുളംതണ്ടിനു മധുവഴിയുംചുംബനം നല്‍കിയാല-
പ്പൂന്തേനേന്തും സമീരന്‍തൊടുമളവു കുളിര്‍ത്തേതു പുല്ലും തളിര്‍ക്കും;
കന്ദര്‍പ്പാസ്ത്രങ്ങളാകാന്‍ വിടരുമലരു, പൂക്കൂട ഗോപീഹൃദന്തം;
വൃന്ദാരണ്യത്തെ വര്‍ഷം മുഴുവനുമണിയിച്ചൂ മുകുന്ദന്‍, വസന്തം!


അനന്തരാമന്‍വക്കീല്‍
“ഉണ്ണിക്കൃഷ്ണനു തൊട്ടിടാന്‍കഴിയുകില്ലത്രയ്ക്കു പൊക്കത്തിലാ-
ണമ്മേ ഗോപികള്‍കെട്ടിവച്ചതുറി;പാല്‍കട്ടില്ലവ‍ന്‍,നിശ്ചയം”
പാലാഴിത്തിരയാകിലെ,ന്തുറിയിലെത്തെല്ലാകിലെന്തീശ,നിന്‍-
ഗാത്രം താങ്ങുമനന്ത; നഗ്രജവചസ്സങ്കാശഹാസം തൊഴാം!




Monday, April 7, 2008

നിയമഭങ്ഗം
കാലിക്കോലിനുമെന്തുഭങ്ഗി മുരളീ-
കൃഷ്ണന്‍പിടിയ്ക്കുമ്പൊളെ-
ന്നാലോചിയ്ക്കെ, യകിട്ടിലപ്പടി ചുര-
ന്നത്രേ കറമ്പിയ്ക്കു പാല്‍;
വാലാട്ടിപ്പിറകോട്ടുനോക്കിയവളോ
കണ്ടൂ പശുക്കുട്ടിയെ-
പ്പോലന്നാലയില്‍മുട്ടുകുത്തി,യരിക-
ത്താ ബാലഗോപാലനെ!