ചിന്തയും വാക്കുമെൻ ചെയ്തികളും-
കൊണ്ടു ഞാൻ നെയ്തൊരിപ്പട്ടുവസ്ത്രം,
ഞാൻ തന്നെയെന്നേ മമതമൂലം
ഞാനുമെല്ലാരും നിനച്ചതുള്ളൂ...
നീരാടുവാനായിറങ്ങിയപ്പോൾ
നീയതെടുക്കുമെന്നോർത്തതില്ല
ഇത്തുകിലോടു മമത പക്ഷേ
തുച്ഛമാണച്യുതാ സത്യമോർത്താൽ
എത്ര കാലത്തേക്കു വിസ്മരിക്കും
ഹൃത്തടം തന്നിലെ മുത്തിനെ ഞാൻ?
പകലൊന്നുവേഗം കഴിഞ്ഞുകിട്ടാൻ
പണിതിരക്കിട്ടു ഞാൻ ചെയ്തിടുമ്പോൾ
പകലോന്റെ ചൂടൊരു ഭാരമായി
മുരളീധരാ ഞാൻ കരുതിയില്ല..
രാവിലാരാവമടങ്ങി ഗോപ-
വാടങ്ങളൊക്കെയുറങ്ങീടുമ്പോൾ,
കര വീർപ്പുമുട്ടിച്ചു കാളിന്ദിയും
കരൾ തുടുത്തിക്കുടിക്കുള്ളിൽ ഞാനും
നിന്റെ കാലൊച്ചക്കു കാത്തിരിക്കേ
ചന്ദ്രിക നെഞ്ചിലെത്തീവളർക്കേ
വ്യർഥനിമിഷങ്ങൾ നീ വരാതെ
ബാഷ്പമായ് മണ്ണിൽവീണാണ്ടുപോകെ,
കണ്ണാ കറുത്തൊരീ ലോകമൊന്നി-
ച്ചെന്നെ വെടിഞ്ഞെന്നെനിക്കു തോന്നി..
* * * *
കോരിത്തരിച്ചുപോയ് കാറ്റിനൊപ്പം
ഓടക്കുഴൽ വിളിയെത്തിയപ്പോൾ
ആ മുരളീരവം കൂരിരുളിൽ
കോമളരൂപ വെളിച്ചമായി,
പിന്നെപ്പവിഴാധരങ്ങളായി
നിൻ വിരൽത്തുമ്പിലെത്താളമായി
പൊൻ കവിളായ് കുണ്ഡലങ്ങളായി
നിൻ കടക്കണ്ണിൻ കുസൃതിയായി
ഗോപിയായ് പീലിത്തിരുമുടിയായ്, വന-
മാലയായെന്നടുത്തെത്തുകയായ്...
നമ്മൾക്കിടക്കീയഹംകൃതിയാൽ
നെയ്തുടുത്തോരാടമാത്രമായി..
ഇത്തുകിലോടു മമത പക്ഷേ
തുച്ഛമാണച്യുതാ സത്യമോർത്താൽ
എത്ര നിമിഷം മറച്ചുവെക്കും
ഹൃത്തടംതന്നിലെ മുത്തിനിഞാൻ!
(പത്തുപതിനഞ്ചുകൊല്ലം മുമ്പെഴുതിയ കവിതയാണ്. ഭഗവദ്ഗീതാപ്രഭാഷണം നടത്തുന്ന ശ്രീ.സന്ദീപ് ചൈതന്യ പറഞ്ഞതായി ചില കാര്യങ്ങൾ പത്രത്തിൽ കണ്ടപ്പോൾ ഇതോർമ്മ വന്നു)
4 comments:
'ചിന്തയും വാക്കുമെൻ ചെയ്തികളും-
കൊണ്ടു ഞാൻ നെയ്തൊരിപ്പട്ടുവസ്ത്രം,
ഞാൻ തന്നെയെന്നേ മമതമൂലം
ഞാനുമെല്ലാരും നിനച്ചതുള്ളൂ...
നീരാടുവാനായിറങ്ങിയപ്പോൾ
നീയതെടുക്കുമെന്നോർത്തതില്ല'
കൃഷ്ണൻ, ചേലക്കള്ളൻ. കൃഷ്ണപ്രണയത്തിൽ നീരാടാനിറങ്ങിയപ്പോൾ കരയിലൂരി വച്ച ‘അഹംബോധത്തെ’ കവർന്നവൻ.
നെഞ്ചിലെ മുത്തിനെ ഒളിപ്പിക്കാതെ ആ പുഴയിൽ നീന്തിക്കുളിച്ചതല്ലേ ഭാഗ്യം, പുണ്യം? ഇനിയും തിരികെ വേണോ ആ ചേല?
കവിത ഒരുപാടിഷ്ടമായി
ഉറിയിലെ വിഭവം എല്ലാര്‍ക്കുമെടുക്കാലോ അല്ലേ :) ഒന്നു ചൊല്ലിനോക്കിയത് ദാ വാഗ്‌ജ്യോതിയില്‍
നന്ദി, ലക്ഷ്മി,ജ്യോതി.
പി.സി.മധുരാജ്
പൊൻ+കവിൾ = പൊൽക്കവിൾ എന്നാണു പണ്ട് മുൻഷി പറഞ്ഞുതന്നത്.
ഒരു മലയാളം വാധ്യാൻ ന്ന് കൂട്ടിക്കോള്ആ.
Post a Comment