Wednesday, October 15, 2008

കയ്പ്പക്കക്കൊണ്ടാട്ടം*

ഉണ്ണാനുണ്ണിക്കൊരുക്കീ രസ,മവിയൽ,പഴ-
ക്കാള,നുപ്പേരി,യോലൻ;
തിണ്ണം വന്നുണ്ണുകെന്നാ സുകൃതമതിയശോ-
ദാംബ കെഞ്ചുന്ന നേരം
“ഉണ്ടോ കൊണ്ടാട്ടമിന്നിങ്ങൊരുപിടി തരുവാൻ
കയ്പ്പകൊ”ണ്ടെന്നുരക്കും
കണ്ണാ, നീ,യാനിലയ്ക്കെൻ കവിതയുമൊരുനാൾ
തെല്ലു കൈക്കൊള്ളുകില്ലേ?
-------------------------------------------
*കൈപ്പക്കക്കൊണ്ടാട്ടം: കൈപ്പക്കക്കു പേരു മറ്റൊന്നാവാൻ വയ്യ. ജന്മസ്വഭാവം കയ്പ്പ്. വട്ടത്തിൽ നുറുക്കിവച്ചാലൊരു ഭങ്ഗിയൊക്കെയുണ്ട്. പക്ഷെ ആ കൈപ്പുരസവും വാസനയും ഓരോ വൃത്തഖണ്ഡത്തിലുമുണ്ട്. കർമ്മസാക്ഷിയുടെ അനുഗ്രഹത്താലതു കുറെയൊക്കെ പോകും, ഉണങ്ങുമ്പോൾ. ശേഷിക്കുന്നതു മറയ്ക്കാനും പുറത്തുനിന്നു മറ്റൊന്നും വരാതിരിക്കാനും കുറച്ചു ലാവണ്യം വരുത്തണം-കൃത്രിമമായി! പോര, ഇനിയതിനെ തപ്തസ്നേഹത്തിൽ മുക്കിയിടുക. കൃഷ്ണമയമാകാൻ വെമ്പുമ്പോൾ എടുത്തു വിളമ്പാം, ഇളംചൂടോടെ. സഹതാപേന ദീയതാം....

Tuesday, October 7, 2008

ധ്യാനം

ചിന്തയും വാക്കുമെൻ ചെയ്തികളും-
കൊണ്ടു ഞാൻ നെയ്തൊരിപ്പട്ടുവസ്ത്രം,
ഞാൻ തന്നെയെന്നേ മമതമൂലം
ഞാനുമെല്ലാരും നിനച്ചതുള്ളൂ...
നീരാടുവാനായിറങ്ങിയപ്പോൾ
നീയതെടുക്കുമെന്നോർത്തതില്ല
ഇത്തുകിലോടു മമത പക്ഷേ
തുച്ഛമാണച്യുതാ സത്യമോർത്താൽ
എത്ര കാലത്തേക്കു വിസ്മരിക്കും
ഹൃത്തടം തന്നിലെ മുത്തിനെ ഞാൻ?

പകലൊന്നുവേഗം കഴിഞ്ഞുകിട്ടാൻ
പണിതിരക്കിട്ടു ഞാൻ ചെയ്തിടുമ്പോൾ
പകലോന്റെ ചൂടൊരു ഭാരമായി
മുരളീധരാ ഞാൻ കരുതിയില്ല..
രാവിലാരാവമടങ്ങി ഗോപ-
വാടങ്ങളൊക്കെയുറങ്ങീടുമ്പോൾ,
കര വീർപ്പുമുട്ടിച്ചു കാളിന്ദിയും
കരൾ തുടുത്തിക്കുടിക്കുള്ളിൽ ഞാനും
നിന്റെ കാലൊച്ചക്കു കാത്തിരിക്കേ
ചന്ദ്രിക നെഞ്ചിലെത്തീവളർക്കേ
വ്യർഥനിമിഷങ്ങൾ നീ വരാതെ
ബാഷ്പമായ് മണ്ണിൽവീണാണ്ടുപോകെ,
കണ്ണാ കറുത്തൊരീ ലോകമൊന്നി-
ച്ചെന്നെ വെടിഞ്ഞെന്നെനിക്കു തോന്നി..
* * * *
കോരിത്തരിച്ചുപോയ് കാറ്റിനൊപ്പം
ഓടക്കുഴൽ വിളിയെത്തിയപ്പോൾ
ആ മുരളീരവം കൂരിരുളിൽ
കോമളരൂപ വെളിച്ചമായി,
പിന്നെപ്പവിഴാധരങ്ങളായി
നിൻ വിരൽത്തുമ്പിലെത്താളമായി
പൊൻ കവിളായ് കുണ്ഡലങ്ങളായി
നിൻ കടക്കണ്ണിൻ കുസൃതിയായി
ഗോപിയായ് പീലിത്തിരുമുടിയായ്, വന-
മാലയായെന്നടുത്തെത്തുകയായ്...
നമ്മൾക്കിടക്കീ‍യഹംകൃതിയാൽ
നെയ്തുടുത്തോരാടമാത്രമായി..
ഇത്തുകിലോടു മമത പക്ഷേ
തുച്ഛമാണച്യുതാ സത്യമോർത്താ‍ൽ
എത്ര നിമിഷം മറച്ചുവെക്കും
ഹൃത്തടംതന്നിലെ മുത്തിനിഞാൻ!

(പത്തുപതിനഞ്ചുകൊല്ലം മുമ്പെഴുതിയ കവിതയാണ്. ഭഗവദ്ഗീതാപ്രഭാഷണം നടത്തുന്ന ശ്രീ.സന്ദീപ് ചൈതന്യ പറഞ്ഞതായി ചില കാര്യങ്ങൾ പത്രത്തിൽ കണ്ടപ്പോൾ ഇതോർമ്മ വന്നു)