ഉണ്ണാനുണ്ണിക്കൊരുക്കീ രസ,മവിയൽ,പഴ-
ക്കാള,നുപ്പേരി,യോലൻ;
തിണ്ണം വന്നുണ്ണുകെന്നാ സുകൃതമതിയശോ-
ദാംബ കെഞ്ചുന്ന നേരം
“ഉണ്ടോ കൊണ്ടാട്ടമിന്നിങ്ങൊരുപിടി തരുവാൻ
കയ്പ്പകൊ”ണ്ടെന്നുരക്കും
കണ്ണാ, നീ,യാനിലയ്ക്കെൻ കവിതയുമൊരുനാൾ
തെല്ലു കൈക്കൊള്ളുകില്ലേ?
-------------------------------------------*കൈപ്പക്കക്കൊണ്ടാട്ടം: കൈപ്പക്കക്കു പേരു മറ്റൊന്നാവാൻ വയ്യ. ജന്മസ്വഭാവം കയ്പ്പ്. വട്ടത്തിൽ നുറുക്കിവച്ചാലൊരു ഭങ്ഗിയൊക്കെയുണ്ട്. പക്ഷെ ആ കൈപ്പുരസവും വാസനയും ഓരോ വൃത്തഖണ്ഡത്തിലുമുണ്ട്. കർമ്മസാക്ഷിയുടെ അനുഗ്രഹത്താലതു കുറെയൊക്കെ പോകും, ഉണങ്ങുമ്പോൾ. ശേഷിക്കുന്നതു മറയ്ക്കാനും പുറത്തുനിന്നു മറ്റൊന്നും വരാതിരിക്കാനും കുറച്ചു ലാവണ്യം വരുത്തണം-കൃത്രിമമായി! പോര, ഇനിയതിനെ തപ്തസ്നേഹത്തിൽ മുക്കിയിടുക. കൃഷ്ണമയമാകാൻ വെമ്പുമ്പോൾ എടുത്തു വിളമ്പാം, ഇളംചൂടോടെ. സഹതാപേന ദീയതാം....
20 comments:
രസനാവിലാസിനികളായ ഹരിരംഗശോഭിനികളായ മൃദുപുളകിതഗാത്രികളായ വൃത്തോല്ലാസവിനോദിനികളായ
കയ്പ്പക്കകൾ എത്രയോ വിളയുന്ന തോട്ടമായിരുന്നു!
ഇന്നിപ്പോൾ ഇടയ്ക്കൊരിടത്ത് ഒറ്റയ്ക്കെങ്കിലും വേരിട്ടും പന്തലിച്ചും പച്ചപ്പിച്ചവെച്ചാടിക്കളിക്കുന്നൊരു ചെടിപ്പെണ്ണിനെക്കാണുമ്പോൾ നാവിലുറയുന്ന കയ്പ്പിനും മധുരം!
കണ്ണിനും മധുരം!
കണ്ണനും മധുരം!
1. എല്ലാം കാണുന്ന ആളാണു വിശ്വപ്രഭ; എന്നാലും വിശ്വപ്രഭ കാണുന്നു എന്നറിയുമ്പോൾ ഒരദ്ഭുതം!
സംസ്കൃതച്ഛന്ദോബദ്ധമായ കവിതകൾമാത്രമായി “കവനകൌതുകം” ഇപ്പോഴും മുടങ്ങാതെ മാസം തോറും ഇറങ്ങുന്നുണ്ട്- താങ്കളുടെ തൃശ്ശൂരിൽനിന്ന്.
2.അടിക്കുറിപ്പിനു ടിപ്പണി വേണമെന്ന് ഒരാളഭിപ്രായപ്പെട്ടു.
വാസന= മണം, ജന്മകാരണം
വൃത്തം= വട്ടം, ഛന്ദസ്സ്
കർമസാക്ഷി=സൂര്യൻ
ലാവണ്യം= ഉപ്പുരസം, സൌന്ദര്യം
തപ്തസ്നേഹം= ചൂടുള്ള എണ്ണ എന്നും
കൃഷ്ണമയം=കറുത്തിരുണ്ട് എന്നും
ഇത്തരം കൊണ്ടാട്ടം
കിട്ടിയാല്‍ പിന്നെ
ഊണ് ബഹു കേമമാവില്ലേ?
പോരട്ടെ ഇനിയും ഓരോന്നായി.
കൈപ്പയ്ക്ക തോരന്‍,
മെഴുക്കുപുരട്ടി,
കിച്ചടി,
തീയല്‍...
എല്ലാമെല്ലാം.
നന്നായി, വളരെ നന്നായി.
മധുരാജിന്റെ കവിതയ്ക്കും വിശ്വപ്രഭയുടെ കമന്റിനും നന്ദി.
സാര്‍..ജ്യോതിയാണ് ഈ ഉറിതുറന്നാല് കയ്പ്പക്കക്കൊണ്ടാട്ടം കിട്ടുമെന്നറിയിച്ചത്. പിന്നെ താമസിച്ചില്ല തുറന്നു....... തിന്നു ധാരാളം സ്വാദോടെ...
നന്ദി.
കിടു!!!ഇഷ്ടായി...
"ഉണങ്ങുമ്പോൾ" - ഇതെങ്ങനെ കവിതയ്ക്ക് ബാധകം ആകും എന്ന് ഒന്നു പറയാമോ?
അടിക്കുറിപ്പും വട്ടതിലെഴുതാമായിരുന്നു!!!
ബാബൂ,
കവിത, ജീവിതം പോലെത്തന്നെയാണെങ്കിലോ?
അല്ലെങ്കിൽ വേണ്ട,
ജീവിതം, കവിതപോലെത്തന്നെയാണെങ്കിലോ?
നല്ല ശ്ലോകം. അതിനെക്കാള്‍ നല്ല ടിപ്പണി.
ടിപ്പണി വായിച്ചപ്പോള്‍ അതിനെ ശ്ലോകത്തിലാക്കാതിരിക്കാന് തോന്നിയില്ല. ആ വികൃതി ഇവിടെ.
സുഖിച്ചു!!
:)
ഞാനുദ്ദേശിച്ച കാര്യം, അതു കുറേക്കൂടി ക്ലിഷ്ടമാണു എന്നതു എന്റ്റെ പ്രകാശക്കുറവ്. ശ്ലോകങ്ങള്‍ കൃഷ്ണനു നിവേദിച്ചു യശോധനന്മാരായവരെ അനുകരിക്കുക എന്ന സാഹസം ചെയ്യുന്നു.യശോദ, യശസ്സിനെ കൊടുക്കുന്നവള്‍ (സഹൃദയ)കൃഷ്ണനെ വിളിച്ചു കൊടുക്കുന്നു, കാളനോലനെരിശ്ശേരിപെരട്ടിപ്പേരി തുടങ്ങി പ്രശസ്ത വിഭവങ്ങള്‍-വീക്കേജിയും ഓട്ടൂരുമൊക്കെ വച്ച വിഭവങ്ങള്‍. നമ്മുടേതു വെറും കൈപ്പക്കക്കൊണ്ടാട്ടം. എന്നാലും ചില കൊച്ചുകുട്ടികള്‍ വാശി പിടിക്കാറില്ലേ, അമ്മ ഉണ്ടാക്കാന്‍ സാധ്യതയില്ലാത്ത എന്തെങ്കിലുമൊരു സാധനമുണ്ടോ, അതു തന്നാല്‍ ഉണ്ണാമെന്നൊക്കെ? അങ്ങനെ കൃഷ്ണന് എന്നെങ്കിലും വാശിപിടിക്കുന്നസമയത്തു എന്റെ കവിതയ്ക്കും കിട്ടും ഇലയിലിടം എന്ന് പ്രതീക്ഷ. അത്രമാത്രം.ശ്ലോകം ചൊല്ലുന്നവരെ യശോദയായിക്കണക്കാക്കാമെന്നു തോന്നുന്നു!
നന്ദി,- ലതി,വിശ്വപ്രഭ,ബാബുകല്യാണം,ദെവദാസ് പാഞ്ചാലി, ഉമേഷ്.
മധുരാജ്
വല്ലാതെ കൊതിപ്പിച്ചു ഈ കയ്പ്പക്കക്കൊണ്ടാട്ടം
"ഭക്ത"പ്രിയനല്ലേ, ഇത്ര ഹൃദ്യമായ കൊണ്ടാട്ടം ഇഷ്ടമാകാതെ വരില്ല!
(ഭക്തം = ചോറ് എന്നും).
കയ്പ്പ് ഇഷ്ടമായിരിയ്ക്കും, മധുരമുള്ള തേനിനോടു വിരോധമാണെന്നാണു കേൾവി("മധു"വൈരിയാണത്രേ..
!)...
ലക്ഷ്മി,ഏ.ആർ.ശ്രീകൃഷ്ണൻ-നന്ദി.
പീ.പീ.കേ.പൊതുവാളിന്റെ ഒരു ശ്ലോകമുണ്ട്;
‘പണ്ടേ പൂവായ് വിരിഞ്ഞീടിനനിമിഷമിളം-
കുമ്പിളിൽ തേൻ തുളുമ്പി-
ക്കൊണ്ടേ നിന്മുമ്പിലെത്താൻ അനുമതി വിധിയേ-
കീലെനിക്കെന്തുകൊണ്ടോ?
വണ്ടിൻ ചാർത്താർത്തണഞ്ഞീടിന ഹൃദയമലർ-
ച്ചെണ്ടിതാ വാടുമാറായ്;
കണ്ടേക്കാമൊട്ടു ശിഷ്ടം മധു, അതുമധുവൈ-
രിൻ നിനക്കേകിയാലോ?’
ഗുരുകുലത്തില്‍ നിന്ന് നേരിട്ട് വന്നതാണ്. ആദ്യമായാണ്.
ഇനി വായിക്കട്ടെ
മധുരാജ് ... കയ്പക്ക കൊണ്ടാട്ടം നന്നായിട്ടുണ്ട്... നന്നായി ഉണങ്ങിയത്, പാകത്തിന് ഉപ്പ്, വറവും നന്നായി ..
Let this link too stay here
"sweetest" dish in the uri is kyppakkakondattom - without doubt.
Post a Comment