Monday, November 3, 2008

ശ്ലോകത്തില്‍ കഴിച്ച കഥ

ശ്ലോകത്തില്‍ കഴിച്ച കഥ
--------------------------
കാലിക്കോലിനുമെന്തു ഭംഗി മുരളീ-
കൃഷ്ണൻ പിടിക്കുമ്പൊഴെ-
ന്നാലോചിക്കെയകിട്ടിലപ്പടി ചുര-
ന്നത്രേ കറമ്പിക്കു പാൽ!
വാലാട്ടിപ്പിറകോട്ടു നോക്കിയവളോ
കണ്ടൂ പശുക്കുട്ടിയെ-
പ്പോലന്നാലയിൽ മുട്ടുകുത്തിയരിക-
ത്താ ബാലഗോപാലനെ!
* * * * * * * * * * *
മഥുരയിൽ ഒരു മിൽക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉണ്ടായിരുന്നു. അമ്പാടിയിലെ അതിന്റെ കളക്ഷൻ സെന്റർ നന്ദഗോപരുടെ വീട്ടിലാണ്. എല്ലാ ഗോപസ്ത്രീകളുടേയും രാവിലത്തെ പണി, പൈക്കളെ കറന്ന് അത്യാവശ്യത്തിനുള്ള പാൽ തങ്ങളുടെ വീട്ടിൽ വച്ച ശേഷം ബാക്കി നന്ദന്റെ വീട്ടിൽ എത്തിച്ചു കൊടുക്കുക എന്നതായിരുന്നു.
നന്ദന്റെ വീട്ടിലേക്കു പാൽ‌പ്പാത്രവും തലയിൽ വച്ചു പോകുന്ന ഗോപസ്ത്രീകളായിരുന്നു ഗോകുലത്തിന്റെ പ്രഭാതം.സ്വാഭാവികമായും, പ്രായത്തിനനുസരിച്ചുള്ള ചെറിയ കൂട്ടങ്ങളായാണ് അവർ പോകാറ്. അതനുസരിച്ചുള്ള വാതോരാതെയുള്ള വർത്തമാനമായിരുന്നു ഈ പോക്കുവരവിനെ ആകർഷകമാക്കിയിരുന്നത് . സത്യവും അസത്യവും അർദ്ധസത്യവും അല്പസത്യവുമൊക്കെ ഇടകലർത്തി, വഴിക്കു വിളമ്പാൻ ഇവർ നിറച്ചെടുക്കുന്ന വർത്തമാനപ്പാത്രത്തിനാണ് പാൽ‌പ്പാത്രത്തേക്കാൾ ഭാരം എന്നു തോന്നും, പറഞ്ഞൊഴിച്ചുതീർക്കാനുള്ള അവരുടെ തിടുക്കം കണ്ടാൽ.
നന്ദഗൃഹത്തിൽക്കൊടുക്കാൻ അമ്മമാർ നിറച്ചുകൊടുക്കുന്ന പാത്രത്തിലെ പാൽ കുറച്ചെടുത്തു അടച്ചു ഉറിയിൽ വെക്കുമായിരുന്നു ചിലഗോപബാലികമാർ. തങ്ങളതു ചെയ്യുന്നതു ആരുമറിയുന്നില്ല എന്നായിരുന്നു ഓരോ ഗോപികയും കരുതിയിരുന്നത്. നന്ദന്റെ വീട്ടിലെ കണ്ണൻ വന്നു ‘കട്ടു’ കുടിക്കാനായിരുന്നു അവരങ്ങനെ ചെയ്തിരുന്നത്.
കള്ളനോടുള്ള സ്നേഹം മൂത്ത് ഒരു വർത്തമാനപ്പാത്രക്കാരി ഒരുദിവസം കുറച്ചധികം പാൽ ഉറിയിലെടുത്തു വെച്ചുപോയി. പാൽ‌പ്പാത്രവും തലയിൽ വെച്ചു കൂട്ടുകാരികൾക്കൊപ്പം നടന്നുതുടങ്ങിയപ്പോൾ അവൾക്കൊരു സംശയം, തന്റെ പാത്രത്തിന്റെ ഭാരക്കുറവ് മറ്റുള്ളവർക്കു മനസ്സിലാകുന്നുണ്ടോ എന്ന്.അതു മനസ്സിലായാൽ, പാൽ കുറഞ്ഞതിനു കാരണമായി എന്തുപറയുമെന്നവൾ ആലോചിച്ചു. അവൾ പറഞ്ഞ കളവ് എന്താണെന്നോ?
വടി കണ്ടാൽ പേടിക്കുന്ന നമ്മുടെ കറമ്പിയില്ലേ?അവളുടെ അകിട്ടിലിന്നൊട്ടും പാലുണ്ടായിരുന്നില്ല.കള്ളി! മുഴുവൻ തന്റെ കുട്ടിയെ കുടിപ്പിച്ചതാണ്.എന്നിട്ടവൾ പറയുകയാണ്, ‘കാലിക്കോലാണെങ്കിലും അ,താ കണ്ണൻ പിടിക്കുമ്പോൾ കാണാനൊരു രസമുണ്ട്;രാത്രി ഞാനതങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴുണ്ട്, ആ കണ്ണൻ മുട്ടുകുത്തി, എന്റെ കിടാവിനെപ്പോലെ അകിട്ടിൽ വന്നു നിൽക്കുന്നു- അവൻ കുടിച്ചു തീർത്തു പാലൊക്കെ’ എന്ന്.
അതാണെന്റെ പാത്രത്തിൽ പാൽ കുറവ്. അല്ലാതെ....
കാലിക്കോൽ ‘നിയമ’ത്തെ ഓർമ്മിപ്പിക്കുന്നുവോ?
* * * * * * * * * * * *
ടിപ്പണി എഴുതുന്നത്, അല്ലെങ്കിലും ഇരട്ടിപ്പണിയാണല്ലോ!7 comments:

ഭൂമിപുത്രി said...

ആദ്യമായിട്ടാൺ ഈക്കഥ കേൾക്കുന്നത്. രസം തോന്നി

വിനോദ് said...

നന്നായിരിയ്ക്കുന്നു ...

P.C.MADHURAJ said...

നന്ദി, ഭൂമിപുത്രി, വിനോദ്; വായിച്ചതിനു.

Raji Chandrasekhar said...

കിടിലം

P.C.MADHURAJ said...

ഭൂമിപുത്രി,
ഈ കഥ ആദ്യമായിട്ടായിരിക്കും ആരും കേൾക്കുന്നത്.മുകളിൽക്കൊടുത്ത ശ്ലോകത്തിനു സന്ദർഭമുണ്ടാക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണ്. മനീഷാപഞ്ചകത്തിനു ശങ്കരവിരോധികൾപോലും കൊണ്ടാടുന്ന ഒരു കഥാസന്ദർഭം ഏതോ രസികൻ ഉണ്ടാക്കിയതു പോലെ.
രാജി ചന്ദ്രശേഖർ,
കിടിലം എന്ന വാക്ക് വിറയൽ എന്ന അറ്ഥത്തിലാണോ ഉപയോഗിച്ചത്? എന്തായാലും വായിച്ചതിനു നന്ദി.

പാഞ്ചാലി :: Panchali said...

:)

"ടിപ്പണി എഴുതുന്നത്, അല്ലെങ്കിലും ഇരട്ടിപ്പണിയാണല്ലോ!"

ഇതാണേറ്റവും ഇഷ്ടപ്പെട്ടത്!

ഗൗരി(GOURI) said...

nannayirikkunnu