Sunday, August 3, 2008

വൈശ്വാനരവിദ്യ

വിളമ്പുകാരോരോരുത്തർ വരിയായി വന്നൂ;
വിഭവങ്ങൾ വഴിപോലെ വിളമ്പിയും തന്നൂ;
നാക്കു നീട്ടിയിരുന്നതീയിലയാണെന്നാലും
നോക്കിനോക്കിക്കഴിച്ചതാ,രതു വൈശ്വാനരനോ?

വാട്ടിയതാണില; വെള്ളംവീഴ്ത്തി ശുദ്ധമാക്കി;
കീറലില്ല പോറലില്ല നോക്കിബോദ്ധ്യമാക്കി;
ഊണിനാണീയില, നേരമേറെ ലാളിക്കേണ്ട-
ഞാനെണീറ്റു കഴിഞ്ഞാലീയിലതൊട്ടാലശുദ്ധം!

ഖാദ്യ,ചോഷ്യ,ലേഹ്യ,പേയ,ഭോജ്യമെല്ലാം ചേരും
സദ്യതന്ന ഭൂപതിക്കു സദ്യശസ്സേ ചേരൂ!
ഭിന്നമാണു രുചി ലോകർക്കെന്നതിത്ര നന്നായ്
അന്നപൂർണ്ണേശ്വരിയോളമാരറിഞ്ഞൂ മന്നിൽ!
****************************************************
(അഹം വൈശ്വാനരോ ഭൂത്വാ
പ്രാണിനാം ദേഹമാശ്രിത:
പ്രാണാപാനസമായുക്ത:
പചാമ്യന്നം ചതുർവ്വിധം- എന്നു ഭഗവദ്ഗീത)
ഖാദ്യം,ചോഷ്യം,ലേഹ്യം,പേയം എന്നിങ്ങനെഭോജ്യവസ്തുക്കൾ നാലുതരം.

5 comments:

Viswaprabha said...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചോഷ്യം / ചൂഷ്യം?

Anonymous said...

പ്രതിദിനമതിലൗല്യാദേത്യ ശിക്യം വിശങ്കം
ധൃതനവനവനീതസ്തേനവദ്‌ യാമി തൂഷ്ണീം
സ്വയമിദമുപഭുഞ്ജേ സ്വാദു; ദത്വാ സ്വകേഭ്യോ-
പ്യവിനയമഖിലം മേ നാമബദ്ധം ക്ഷമേഥാ: !

ദത്വാ സ്വകേഭ്യ: - രണ്ടു കുസുമമഞ്ജരികളും ഫോണിലൂടെ ചൊല്ലിക്കൊടുത്ത്‌ ഈയിടെ നാട്ടില്‍ പാട്ടാക്കിയിട്ടുണ്ട്‌ -ഒരു ശ്ലോകസദസ്സിലെങ്കിലും.

"ഊണിനാണീയില, നേരമേറെ ലാളിക്കേണ്ട-
ഞാനെണീറ്റു കഴിഞ്ഞാലീയില തൊട്ടാലശുദ്ധം!"

----ഈ വരികള്‍ക്കു സവിശേഷപ്രണാമം....
നന്ദി !

ജ്യോതിര്‍മയി /ज्योतिर्मयी said...

ഉറിയല്ലേ, കണ്ണനല്ലേ, വെണ്ണയല്ലേ, ഉണ്ണാനല്ലേ, സാരമില്ല...
(കണ്ണന്‍ വരാനാണല്ലോ വെണ്ണവെയ്ക്കുന്നതുതന്നെ...)


പേരുദോഷം വരില്ല...
ശ്ലോകത്തിനു നന്ദി, ശ്ലോകിയ്ക്കു നമസ്കാരം.

ജ്യോതിര്‍മയി. പി.സി

Jyothirmayi said...

ശ്രീകൃഷ്ണന്റെ :) ശ്ലോകത്തിനു നമസ്കാരം

ശ്ലോകിയ്ക്കു നന്ദി :)

(ഇതാവും കൂടുതല്‍ ശരി)

ജ്യോതിര്‍മയി.