Wednesday, May 26, 2010

തുരീയം

തുരീയം
തണുത്ത കയ്യെന്‍തലയി-
ലാരോ വക്കുന്നതെന്തിനോ
തടഞ്ഞൂ തുളസിപ്പൂവു
തലയില്‍തൊട്ടുനോക്കവേ. 1

പിതൃക്കള്‍, ഋഷിമാര്‍, മന്ത്ര-
ദ്രഷ്ടാവാം വാമദേവനോ
സ്മൃതിയെ തൊട്ടുയര്‍ത്താനെന്‍
മൂര്‍ധ്നി കൈവച്ചതായിടാം! 2

ഛന്ദസ്സിന്‍ താ‍ളമെന്‍ പ്രാണാ-
വേഗമായ്, കാലമാനമായ്
ഭൂതപങ്തി നടത്തുന്ന
നടനം തന്നെയാകവേ, 3

ഹൃദാകാശത്തില്‍ നിറയും
ചിദാകാശമഹാദ്യുതി
സദാശിവത്വം ശ്രീരുദ്ര-
രൂപമായ് ദീപ്തമാക്കവേ, 4

എരിഞ്ഞടങ്ങീയുടലിന്‍
കാരണം, കര്‍മ്മവാസന;
ശിവാത്മകസ്വരൂപത്തില്‍
പൂശട്ടേ ഭസിതം സിതം.. 5

സംസാരദേഹസ്മൃതിയെ-
ച്ചവിട്ടിത്താഴ്ത്തുമൂക്കിനാല്‍
ഊര്‍ദ്ധ്വഭൂമികയേറ്റുന്നൂ
ബോധത്തെയിതരം പദം 6

ഫാലാഗ്നിയില്‍ദ്ദഹിക്കുന്നൂ
സ്മരാവാസകളേബരം
കാലക്കയറുപൊട്ടുന്ന
താളമേ താണ്ഡവം ശിവം! 7

അനാദി ഞാന്‍; അനന്തം ഞാന്‍
അവ്യയം ഞാന്‍ ശിവാത്മകം
നമശ്ശിവായ ഓം തത് സത്.
(നമോ നാരായണായ ച) 8

------------------------------------------------------------------------

തുരീയം= നാലാമത്തെ
ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളേ സാധാരണക്കാരന്റെ ബോധത്തിനു പ്രാപ്യമായുള്ളൂ. നാലാമത്തെ അവസ്ഥയിലേക്കു കയറണമെങ്കില്‍ സൂക്ഷ്മശരീരത്തെ അതിന്നുവേണ്ടതരത്തില്‍ ഒരുക്കേണ്ടതുണ്ട്…അല്ലെങ്കില്‍ തുരീയാവസ്ഥയിലേക്കുള്ള കാല്‍ വെപ്പ് വ്യഷ്ടിബോധത്തിന്റെ ലയമെന്നതിനുപരി ശരീരത്തിന്റെ ക്ഷയമായേ അനുഭവപ്പെടൂ. അതു ബോധ്യമായാല്‍, മരണത്തെ തുരീയാവസ്ഥ അനുഭവിക്കാനുള്ള ഒരവസരമാക്കാമെന്ന് തോന്നുന്നു…അതാണിത്….
1.ശ്രദ്ധ തികച്ചുമുണ്ടെങ്കില്‍ മരണം വരുമ്പോള്‍ അറിയാം…തലക്കു തണുപ്പനുഭവപ്പെടും…(സംശയമുണ്ടോ?)..തൊട്ടുനോക്കിയാല്‍ തുളസിപ്പൂവു കയ്യില്‍ തടയാം….മൂര്‍ദ്ധാവില്‍ കൈ വക്കുമ്പോള്‍ ഋഷിയെ ഓര്‍മ്മ വരാം…മന്ത്രോപദേശം ചെയ്തു തന്ന ഗുരുസ്ഥാനീയരായ പിതൃക്കളെ…അവര്‍ തലയില്‍ കൈവച്ചു ഓര്‍മ്മിപ്പിക്കുന്നതാവാം-….വാമദേവ ഋഷി:, പങ്തിച്ഛന്ദ; സദാശിവോ രുദ്രോ ദേവതാ – പഞ്ചാക്ഷരം – പഞ്ചഭൂതാത്മകമായ ക്ഷരശരീരത്തിലിരിക്കുന്ന പ്രാണന്റെ അക്ഷരബ്രഹ്മവുമായുള്ള ബന്ധം പ്രകാശിപ്പിക്കുന്ന മന്ത്രം-
ഛന്ദസ്സിന്റെ താളം പ്രാണന്‍ മനസ്സിലാക്കുന്നു. ശരീരത്തിന്റെ നിലനില്‍പ്പിന്റെ കാലക്കണക്കും ഭൂതസങ്ഘാതത്തിന്റെ നടനതാളവും അതുതന്നെ എന്നു കേട്ടാലറിയാം…ചിദംബരനടന്റെ സദാശിവരുദ്രന്റെ രൂപം തെളിയുമപ്പോള്‍…
കര്‍മ്മവാസനയാണല്ലോ ദേഹകാരണം.അതെരിഞ്ഞാലാ ചാരം ദേഹത്തുപുരട്ടാനുള്ളതാണു…. ബന്ധങ്ങളില്ലാതാക്കുന്ന വാസനാനാശം…
സംസാരത്തിലിടപെടാനുള്ള ശരീരവുമായി ബോധത്തെ ബന്ധിപ്പിക്കുന്നതു താണനിലയിലുള്ള സ്മൃതിയാണ്…ആ അപസ്മൃതിയെ ചവിട്ടിത്താഴ്ത്തിക്കൊണ്ടുവേണം ബോധത്തിനു ഉയര്‍ന്ന ഭൂമികകളിലേക്കു കയറാന്‍….
കാമശരീരംകൂടി കത്തിത്തീരുമ്പോള്‍ അതുവരെ താണ്ഡവനൃത്തത്തിനു പോലും താളമായ കാലബന്ധമറ്റുപോകുന്നു….
ആദിയില്ലാത്ത അന്തമില്ലാത്ത നാശമില്ലാത്ത ശിവനാണു ഞാനെന്നറിയുന്നു…ഓം തത് സത്.
ശരീരത്തിലിരിക്കെ ഇങ്ങനെ വിചാരിച്ചതില്‍ തെറ്റുണ്ടോ……എന്നാല്‍…സാധ്യനാരായണര്‍ഷി:

5 comments:

അനില്‍ said...

മറ്റൊരു മന്ത്ര-ദ്രഷ്ടാവിന് പ്രണാമം !

ജ്യോതിര്‍മയി /ज्योतिर्मयी said...

നമശ്ശിവായ...

NRP said...

പുതിയ ഒരനുഭൂതി!

P.C.MADHURAJ said...

അനില്‍,ജ്യോതിര്‍മയി,NRP- നന്ദി.

Devadas said...

മധുരാജ് ജീ,
തുരീയം വായിച്ചു സന്തുഷ്ടനായി.

ഭാവുകങ്ങള്‍!