Thursday, April 15, 2010

വിഷുക്കണികെ എന്‍ ദുര്‍ഗ്ഗാദത്തന്റെ ഒരു ശ്ലോകമുണ്ട്
“കഴിഞ്ഞേ പോകുന്നൂ പകലുമിരവും, ജര്‍ജ്ജരിതമായ്;
കൊഴിഞ്ഞേ പോകുന്നൂ നിറമുടയൊരെന്‍ പീലികള്‍ വൃഥാ
ഒഴിഞ്ഞേ കാണുന്നൂ ദിനമനു, നഭ,സ്സീ മയിലിനൊ-
ന്നഴിഞ്ഞാടാനെന്താണൊരുവഴി? വരൂ നീലമുകിലേ!”
ഇതിലെ ആ‍ ‘നീലമുകിലേ’ എന്ന സംബോധന കോരിത്തരിപ്പിക്കും….അജിതാഹരേ (കുചേലവൃത്തം) എന്ന കഥകളിപ്പദത്തിലെ ‘നീലനീരദവര്‍ണ്ണാ…..’ എന്ന വിളി പോലെ.
മേടച്ചൂടില്‍ ഒക്കെ വരണ്ടു. സൂര്യനെതിരെ പൊക്കിനിര്‍ത്തി തണല്‍ സൃഷ്ടിച്ചിരുന്ന ഇലകളൊക്കെ- അഹങ്കാരത്തിന്റെ ആവരണങ്ങളൊക്കെ മമതാബന്ധംവിട്ടു വാടിക്കരിഞ്ഞുപോയി….എന്താണു മഴ വരാത്തതെന്ന് ഒന്നാലോചിച്ചതേയുള്ളൂ…കാരുണ്യവര്‍ഷവുമായെത്തുന്ന ആ ശ്യാമമേഘത്തെ ഓര്‍ത്തപ്പോഴേക്കും മേലൊക്കെ പുളകപ്പുതപ്പണിഞ്ഞു….അതു പൂവായി വിടര്‍ന്നപ്പോഴെക്കും കണ്ണനതിനു തന്റെ പട്ടിന്റെ നിറം നല്‍കിയിരുന്നു….അഹങ്കാരം വെടിഞ്ഞവര്‍ക്കു കണ്ണന്‍ കൊടുക്കുന്നത് പൊന്നാട!!
ഇതാണോര്‍മ്മവന്നതു, പൂമ്പട്ടുപുതച്ചു നിലക്കുന്ന ഈ കണിക്കൊന്ന കണ്ടപ്പോള്‍.
ഒരു ശ്ലോകം:
വെന്താലെന്തടിവേരു മണ്ണുരുകുമീവെയ് ല,ത്തുണങ്ങിക്കരി-
ഞ്ഞെന്റേതെന്നതൊഴിഞ്ഞഹംകൃതിയിലച്ചാര്‍ത്തൊക്കെ മണ്ണാകിലും;
സന്താപം ക്ഷണമാത്രയില്‍ പുളകമായ്, വര്‍ഷാഗമം വൈകുവാ-
നെന്താണെന്നൊരു ചിന്ത- കണ്ണനരുളീ കൊന്നക്കു പൊന്നാടയും!

വിഷുക്കണി കണ്ണനാവരുതെന്നു നിര്‍ബന്ധമില്ലാത്തവര്‍ക്കു സമര്‍പ്പിക്കുന്നു, ഈ ചിന്ത,- ചിത്രവും ശ്ലോകവും.

6 comments:

അനില്‍ said...

കണ്ണന്റെ കൈനീട്ടം കൈനേട്ടമായി...!

Umesh::ഉമേഷ് said...

നല്ല ശ്ലോകം. നന്ദി!

വിഷുക്കണി കണ്ണനാവരുതു് എന്നു നിർബന്ധമൊന്നുമില്ല മധുരാജ്. വിഷുക്കണി എന്നും കണ്ണന്റേതായിരുന്നോ എന്നൊരു സംശയം മാത്രമേ ഉള്ളൂ.

P.C.MADHURAJ said...

നന്ദി- അനില്‍, ഉമേഷ്.
സംശയം തീര്‍ക്കാന്‍ ഞാനാളല്ല. ഒരു ചിത്രം കൂടി ചേര്‍ക്കുന്നു. പാക്കനാരുടെ കഥയുടെ ഒന്നാം ഭാഗം മാത്രമേ പലരും പറയാറുള്ളൂ എങ്കിലും അതിനൊരു രണ്ടാംഭാഗം കൂടി ഉണ്ടെന്നു ഓര്‍മ്മിപ്പിക്കുന്നു...അനേകദേവതകള്‍ക്കു പ്രത്യേകപൂജ ചെയ്യുന്ന കഥ....
പിന്നെ...ഇന്നലെയും ചേര്‍ന്നതാണു ഇന്നു എന്ന് തോന്നാറില്ലേ.

kariannur said...

ശ്ലോകം വായിച്ചപ്പോള്‍ ആദ്യം മനസ്സിലായില്ല. പിന്നെ മുകളിലുള്ളത് ഒന്നു കൂടി വായിച്ചപ്പോഴാണ് ട്യൂബ്ലൈറ്റ് ഓണായത്.

P.C.MADHURAJ said...

നന്ദി- കരിയന്നൂര്‍.
ക്ലിഷ്ടത കുറക്കാനെന്തു വഴി...വര്‍ഷാഗമം എന്നു പറഞ്ഞാല്‍ പോര എന്നുണ്ടോ?

Devadas said...

ശ്രീ മധുരാജ്,

ശ്ലോകം വായിച്ചു. അഭിനന്ദനങ്ങള്‍! നന്ദി.

കെ.എന്‍.ഡിയുടെ ഒരു ശ്ലോകവും കൂടി പഠിക്കാന്‍ തരമാക്കിത്തന്നതില്‍ സന്തോഷവും.