
കെ എന്‍ ദുര്‍ഗ്ഗാദത്തന്റെ ഒരു ശ്ലോകമുണ്ട്
“കഴിഞ്ഞേ പോകുന്നൂ പകലുമിരവും, ജര്‍ജ്ജരിതമായ്;
കൊഴിഞ്ഞേ പോകുന്നൂ നിറമുടയൊരെന്‍ പീലികള്‍ വൃഥാ
ഒഴിഞ്ഞേ കാണുന്നൂ ദിനമനു, നഭ,സ്സീ മയിലിനൊ-
ന്നഴിഞ്ഞാടാനെന്താണൊരുവഴി? വരൂ നീലമുകിലേ!”
ഇതിലെ ആ ‘നീലമുകിലേ’ എന്ന സംബോധന കോരിത്തരിപ്പിക്കും….അജിതാഹരേ (കുചേലവൃത്തം) എന്ന കഥകളിപ്പദത്തിലെ ‘നീലനീരദവര്‍ണ്ണാ…..’ എന്ന വിളി പോലെ.
മേടച്ചൂടില്‍ ഒക്കെ വരണ്ടു. സൂര്യനെതിരെ പൊക്കിനിര്‍ത്തി തണല്‍ സൃഷ്ടിച്ചിരുന്ന ഇലകളൊക്കെ- അഹങ്കാരത്തിന്റെ ആവരണങ്ങളൊക്കെ മമതാബന്ധംവിട്ടു വാടിക്കരിഞ്ഞുപോയി….എന്താണു മഴ വരാത്തതെന്ന് ഒന്നാലോചിച്ചതേയുള്ളൂ…കാരുണ്യവര്‍ഷവുമായെത്തുന്ന ആ ശ്യാമമേഘത്തെ ഓര്‍ത്തപ്പോഴേക്കും മേലൊക്കെ പുളകപ്പുതപ്പണിഞ്ഞു….അതു പൂവായി വിടര്‍ന്നപ്പോഴെക്കും കണ്ണനതിനു തന്റെ പട്ടിന്റെ നിറം നല്‍കിയിരുന്നു….അഹങ്കാരം വെടിഞ്ഞവര്‍ക്കു കണ്ണന് കൊടുക്കുന്നത് പൊന്നാട!!
ഇതാണോര്‍മ്മവന്നതു, പൂമ്പട്ടുപുതച്ചു നിലക്കുന്ന ഈ കണിക്കൊന്ന കണ്ടപ്പോള്‍.
ഒരു ശ്ലോകം:
വെന്താലെന്തടിവേരു മണ്ണുരുകുമീവെയ് ല,ത്തുണങ്ങിക്കരി-
ഞ്ഞെന്റേതെന്നതൊഴിഞ്ഞഹംകൃതിയിലച്ചാര്‍ത്തൊക്കെ മണ്ണാകിലും;
സന്താപം ക്ഷണമാത്രയില്‍ പുളകമായ്, വര്‍ഷാഗമം വൈകുവാ-
നെന്താണെന്നൊരു ചിന്ത- കണ്ണനരുളീ കൊന്നക്കു പൊന്നാടയും!
വിഷുക്കണി കണ്ണനാവരുതെന്നു നിര്‍ബന്ധമില്ലാത്തവര്‍ക്കു സമര്‍പ്പിക്കുന്നു, ഈ ചിന്ത,- ചിത്രവും ശ്ലോകവും.