Thursday, May 1, 2008

മരണമൊഴി

മരണമൊഴി
(വടക്കന്‍ കേരളത്തിലെ വിധവയായ ഒരമ്മയ്ക്ക് കുഞ്ഞുപിറന്നു.ദുഷ്പേരു ഭയന്ന് അതിനെ പറമ്പിലൊരിടത്തു കുഴിച്ചിട്ടു.പുല്ലരിയാന്‍ പോയ മറ്റൊരമ്മ ഉറുമ്പുകള്‍ പൊതിഞ്ഞിരുന്ന കുഞ്ഞിനെ, കൈ പുറത്തുണ്ടായിരുന്നതുകൊണ്ട് കണ്ടെത്തി പുറത്തെടുക്കുമ്പോഴും അതിനു ജീവനുണ്ടായിരുന്നു. രണ്ടുമൂന്നുദിവസം ജീവിച്ചശേഷമാണ് ആ കുഞ്ഞു മരിച്ചത്. ‘കാരുണ്യത്തിന്റെ കവയിത്രി’യായ സുഗതകുമാരിടീച്ചര് ‍ഒരു ടീവീ ചാനലിനോടു സംസാരിച്ചപ്പോള്‍ ആയമ്മയെ ‘ഭ്രാന്തി’യെന്നു വിശേഷിപ്പിച്ചത് കവിയ്ക്ക് അരോചകമായിത്തോന്നി. മരിയ്ക്കും മുമ്പ് ആ കുഞ്ഞിന്റെ മൊഴി-അമ്മയോടുള്ള മൊഴി- കുറിച്ചെടുത്തതാണീ കവിത.)
കുന്തിയെ വിളിച്ചുവോ ഭ്രാന്തിയെന്നാരെങ്കിലും
ശാന്തിപര്‍വത്തില്‍ക്കൂടി നോക്കി നീയിതിഹാസം;
സന്തതി പിറന്നേടം വെടിയാന്‍പറഞ്ഞോര-
പ്പണ്ഡിതശ്രേഷ്ഠന്‍ ‘വരകവി’യെന്നല്ലോ പാഠം!
സന്താപമെന്തെന്നാരുമറിയാതിരിക്കുവാന്‍
ഉന്തി നീ സ്വന്തം വായില്‍ക്കേറ്റിയീ പഴം പാഠം!
നെഞ്ചിടിപ്പുകൊണ്ടല്ലോ കുണ്ടുകുത്തിയ,താരും
കണ്ടതില്ലപോല്‍ നിന്റെ കുണ്ഠിതമതുവരെ!
മറ്റൊരു മാതാവെന്നെക്കണ്ടെടുത്തപ്പോഴേക്കും
പെറ്റതേക്കാളും കൊടുംകുറ്റമായ് നിനക്കു ഞാന്‍‍!
ഏതുപാപവുമോളക്കൈനീട്ടിവാങ്ങും ഗംഗാ-
മാതാവു വറ്റിപ്പോയീ നാട്ടുകാര്‍ കാണെക്കാണെ;
കുറ്റമി,ല്ലധിരഥരാധമാര്‍ തീരം വിട്ടു
മറ്റെങ്ങോ കുടിയേറീ, തെറ്റതില്‍പ്പറയാമോ?
പെറ്റതേ കുറ്റം,പകല്‍വെട്ടമാര്‍ത്തിടും; പേടി-
ച്ചറ്റകൈയ്ക്കു നീ ചെയ്തതാണു പോല്‍‍കൊടുംകുറ്റം!
അരിച്ചു മണം പിടിച്ചെത്തിയ ‘കുനിയന്‍’മാര്‍
കടിക്കെപ്പിടഞ്ഞതു നീയാണെന്നറിഞ്ഞതാര്‍?
അക്ഷരപ്പടയതാ കാത്തുനില്‍ക്കുന്നൂ നിന്റെ-
യിത്തിരി ശേഷിക്കുന്ന രക്തവും കുടിക്കുവാന്‍!
വയ്യെനിക്കതു കാണാന്‍, മണ്ണിതില്‍പ്പുതയാത്ത
കയ്യിനാകുമോ നാളേത്തേരുരുള്‍ പൊക്കീടുവാന്‍?
രാധേയനായാല്‍ത്തന്നെ, നാളെയിസ്സഭയെന്നെ
ഭ്രാതാവിന്നെതിരായീട്ടമ്പുകള്‍ തൊടുപ്പിക്കും,
പിന്നെ നീയവരുടെ ജീവനെയിരന്നെന്റെ
മുന്നില്‍ വന്നില്ലാതാവും, പിന്നെ ഞാനില്ലാതാവും...
മന്ത്രശക്തിയില്‍തോന്നീ ശങ്ക; നിന്‍ വിനയതായ്;
മന്ത്രമേ മറക്കുംഞാ,നന്തകനണയുമ്പോള്‍...
എന്തിനാണാവര്‍ത്തിപ്പതിന്ത്യതന്നിതിഹാസം
സന്ധിയുമശാന്തിയും രുധിരം ചിന്തീടുമ്പോള്‍?
ഇനിഞാനുറങ്ങട്ടെ, കീറുവാന്‍ മുറിക്കുവാന്‍
അധികം മിനക്കെടാതിക്കഥ കഴിയട്ടേ!

11 comments:

ചിതല്‍ said...

നന്നായി.. ഈ മരണമൊഴിക്ക്.
ഭ്രാന്ത് എന്നത് ആപേക്ഷികമല്ലേ... ആയമ്മക്ക് വന്ന തെറ്റുകള്‍ എല്ലാം ചില ഭ്രാന്തിലെല്ലേ.. അപ്പോള്‍ ഭ്രാന്തി എന്ന് വിളിച്ചാല്‍...

Viswaprabha said...

ഇവിടിങ്ങനെയൊരുറിയിലൊരുതുടം പൈം‌ംപാലും കുടുകുടുക്കട്ടത്തൈരും നിലാവോളം വെണ്‍മയും കെട്ടിഞാത്തിയിരിക്കുന്നതു് അന്നേ കണ്ടിരിക്കുന്നു.

ആരും കാണാതെ ആവോളം കട്ടുതിന്നു പോകാറുമുണ്ട്.

ക്രമശഃ ഈ വഴിത്താരയില്‍ തന്നെ ആ “വഴിക്കുറിപ്പുകളും” എഴുതിച്ചേര്‍ത്തൂടേ?

siva // ശിവ said...

ഈ വരികള്‍ക്ക് നന്ദി....

മൂര്‍ത്തി said...

...രോഷവും മനസ്സിലാകുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു കുഞ്ഞുകൂടി മനുഷ്യന്റെ ഭ്രാന്തിന് ഇരയായി:(

കുറുമാന്‍ said...

നന്നായിരിക്കുന്നു ഈ മരണമൊഴി.

പാവം ആ കുഞ്ഞ്. വാര്‍ത്ത അന്നേ വായിച്ചിരുന്നു.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല കുറിപ്പ്, നല്ല കവിത. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

ജ്യോതിര്‍മയി /ज्योतिर्मयी said...
This comment has been removed by the author.
ജ്യോതിര്‍മയി /ज्योतिर्मयी said...

edit post ഇല്‍ പോയി, title എന്നതില്‍ "മരണമൊഴി” എന്നു കൊടുത്താല്‍ നന്നായിരിയ്ക്കും എന്നു തോന്നുന്നു.

P.C.MADHURAJ said...

ചിതല്‍,വിശ്വപ്രഭ, ശിവ,മൂര്‍ത്തി,പ്രിയ ഉണ്ണിക്കൃഷ്ണന്‍,കുറുമാന്‍,വിടരുന്ന മൊട്ടുകള്‍,ജ്യോതിര്‍മയി: കമന്റിട്ടതിനു നന്ദി പറയുന്നതിലൂടെ കവിത വായിച്ചതിന്നു നന്ദി പറയുന്നു.
ചിതല്‍:...തെറ്റാണോ’ എന്ന്- അല്ലേ? എന്റെ കവിത വൈകാരികതലത്തില്‍ പെട്ടെന്നുണ്ടായ ഒരു പ്രതികരണം മാത്രം.അന്നു ടീവി കണ്ട ഉടനെ എഴുതിയത്.പിന്നെ ആ വഴി പോയതേയില്ല. എന്തായാലും വിചാരതലത്തില്‍ ചോദ്യം ചോദിച്ചതിന്നു നന്ദി.
വിശ്വപ്രഭ: താങ്കളുടെ ഗദ്യം കുഞ്ഞിരാമന്‍ നായരെ ഓര്‍മ്മിപ്പിക്കുന്നു-
എഴുതാം- സമയം കുഴിച്ചെടുക്കുന്ന വിദ്യ പഠിപ്പിച്ചു തരുമോ?
ശിവ:അതെന്തിനാണാവോ?
മൂര്‍ത്തി:...രോഷം?..കുനിയന്മാരോടുള്ളതോ?ഞാന്‍ ആനയല്ലേ!
പ്രിയ ഉണ്ണിക്കൃഷ്ണന്‍: മനുഷ്യന്റെ കുഞ്ഞു;മനുഷ്യന്റെ ഇര;(ചൂണ്ടയിട്ടതും മനുഷ്യന്‍;കടിച്ചതും മനുഷ്യന്‍;ചൂണ്ടയിട്ടതും,ചൂണ്ട വലിച്ചതും,വിറ്റതും,വാങ്ങിയതും,വെച്ചതും,തിന്നതും ഒക്കെ മനുഷ്യന്‍. മനുഷ്യകേന്ദ്രിതമായി ആലോചിച്ചാല്‍ പ്രഹേളികകളുടെ ഒരു കളി തന്നെ.
കുറുമാന്‍: പാവം ആ അമ്മ?
വിടരുന്ന മൊട്ടുകള്‍: വായിക്കാം.
ഏതുകമന്റ് ആരു ഡിലീറ്റിയോ ആവോ?
ജ്യോതിര്‍മയി:മൊഴി മാറ്റി!

Unknown said...

Kunthi stands as a symbol of mothers across the world...
Isn't kunthi went through her share of sufferings for what she did in terms of Karnan?

"Maranamozhi" is great.